ഒന്നര വർഷം മുൻപ് കോഴിക്കോട്ടുനിന്നു കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം തമിഴ്‌നാട് അതിർത്തിയിലെ വനത്തിലെ ചതുപ്പിൽ കണ്ടെത്തി. വയനാട് പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ (54) മൃതദേഹമാണ് തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിൽ കണ്ടെത്തിയത്. തറനിരപ്പിനു നാലടിയോളം താഴ്ചയിൽ മറവുചെയ്ത മൃതദേഹം കുനിഞ്ഞിരിക്കുന്ന നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
കേരള, തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. ഇവരിൽ അജേഷിനെയും കൂട്ടിയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. നൗഷാദാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകുന്നതിന് നേതൃത്വം നൽകിയതെന്നാണ് വിവരം.
ബത്തേരി വിനോദ് ഭവനിൽ ഹേമചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട് നടപ്പാലം പാറപ്പുറത്തു വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാർച്ച് 20ന് പെൺസുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ച് മെഡിക്കൽ കോളജിന് രണ്ടു പേർ കാറിൽ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. സാമ്പത്തികതർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. സ്വകാര്യ ചിട്ടി കമ്പനി നടത്തിവന്ന ഹേമചന്ദ്രൻ 20 ലക്ഷത്തോളം രൂപ പലർക്കും നൽകാനുണ്ടായിരുന്നു.
ഭർത്താവിനെ കാണാനില്ലെന്നു കാട്ടി ഹേമചന്ദ്രൻ്റെ ഭാര്യ സുബിഷ 2024 ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്‌ഥാനത്തിൽ ഹേമചന്ദ്രന്റെ കോൾ റെക്കോർഡുകളും സംഭവവുമായി ബന്ധപ്പെട്ടവർ എന്നു കരുതുന്നവരുടെ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വനത്തിൽ മൃതദേഹം കണ്ടെത്തിയത്.