അഹമ്മദാബാദ് വിമാന അപകടം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ ഉപകമ്പനിയായ ‘എഐസാറ്റ്സിലെ’ ജീവനക്കാർ ഗുരുഗ്രാമിലെ ഓഫിസിൽ പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ 4 മുതിർന്ന ജീവനക്കാരെ പുറത്താക്കി. പാർട്ടിയിൽ ‘ലുങ്കി ഡാൻസ്’ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ജീവനക്കാരുടെ വിഡിയോയാണു പുറത്തുവന്നത്.
അഹമ്മദാബാദ് അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പും സമൂഹമാധ്യമങ്ങളിലടക്കം കറുപ്പ് നിറം അണിഞ്ഞതിനിടെയായിരുന്നു എഐസാറ്റ്സിലെ പാർട്ടി. ഗ്രൗണ്ട്, കാർഗോ ഹാൻഡ്‍ലിങ് കമ്പനിയായ എഐസാറ്റ്സിൽ ടാറ്റയ്ക്കും സാറ്റ്സ് ലിമിറ്റഡ് കമ്പനിക്കും 50% വീതം ഓഹരിയാണുള്ളത്. പാർട്ടി നടന്ന സംഭവത്തിൽ എഐസാറ്റ്സ് ഖേദം പ്രകടിപ്പിച്ചു.
അതേസമയം, അഹമ്മദാബാദ് വിമാനദുരന്തത്തിലെ അന്വേഷണം എത്രയും വേഗം തുടങ്ങേണ്ടതായിരുന്നുവെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടികൾ ഇഴയുകയാണ്. അന്വേഷണം തുടങ്ങാൻ തടസ്സമായി നിന്നത് ഔദ്യോഗിക നടപടികളുടെയും ചട്ടങ്ങളുടെയും അവ്യക്തകളാണ്. അന്വേഷണ സംഘത്തിന്റെ മേധാവിയാരെന്നതിലും അനിശ്ചിതത്വം നീണ്ടു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ഡയറക്ടർ ജനറലിനാണ് (ഡിജി) മേധാവിയാകാനുള്ള അധികാരമെങ്കിലും ഡിജിയെ നിയമിച്ചുള്ള ഉത്തരവുണ്ടായില്ല.