അബുദാബിയിൽ നിന്ന് യുഎസിലേക്ക് പോകുകയായിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരുടെ എച്ച്-1ബി വിസ റദ്ദാക്കി യുഎസ് അധികൃതർ പ്രവേശനം നിഷേധിച്ചു. രണ്ട് മാസത്തിലധികം ഇന്ത്യയിൽ ചെലവഴിച്ചതാണ് വിസ റദ്ദാക്കാൻ കാരണമെന്ന് റിപ്പോർട്ട്.അവരുടെ കൈവശമുണ്ടായിരുന്ന എച്ച്-1ബി വിസകൾ യുഎസ് അധികൃതർ റദ്ദാക്കുകയും ചെയ്തു.
വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ ഇമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കുന്ന യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) പ്രീക്ലിയറൻസ് കേന്ദ്രമാണ് ഇന്ത്യൻ പൗരന്മാരെ തടഞ്ഞത്. മൂന്നുപേരും രണ്ട് മാസത്തിലധികം ഇന്ത്യയിൽ ചെലവഴിച്ചിരുന്നു. ഇത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സ്വീകാര്യമായതിലും കൂടുതലായ ഒരു അവധിയായി കണക്കാക്കപ്പെട്ടുവെന്നാണ് തടയപ്പെട്ടവരിൽ ഒരാൾ പറഞ്ഞത്.
യുഎസിലെ തൊഴിൽ ദാതാക്കളിൽ നിന്നുള്ള കത്തുകളും താമസിക്കാനുള്ള അടിയന്തര കാരണങ്ങൾ വ്യക്തമാക്കുന്ന രേഖകളും ഹാജരാക്കിയിട്ടും, സിബിപി ഉദ്യോഗസ്ഥർ 41.122(h)(3) എന്ന നിയന്ത്രണം ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിക്കുകയായിരുന്നു.
ഇന്ത്യയിലേക്ക് മടങ്ങാൻ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. ഐടി, എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം, ബിസിനസ് തുടങ്ങിയ മേഖലകളിലെ വിദേശ പ്രൊഫഷണലുകളെ താത്കാലികമായി നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച്-1ബി. ഈ വിസയ്ക്ക് ഒരു സ്പോൺസറിംഗ് തൊഴിൽ ദാതാവ് ഉണ്ടായിരിക്കണം. അവർ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ (USCIS) ലേബർ കണ്ടീഷൻ അപേക്ഷയോടൊപ്പം ഒരു അപേക്ഷ സമർപ്പിക്കണം എന്നാണ് വ്യവസ്ഥ. വിസയ്ക്ക് സാധുതയുണ്ടെങ്കിൽ പോലും, ഒരു നീണ്ട അവധിക്ക് ശേഷം വ്യക്തിക്ക് വിസ അനുവദിച്ച ജോലി ഇപ്പോഴും ഉണ്ടോയെന്ന് വിലയിരുത്താൻ യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.