Drisya TV | Malayalam News

ഇന്ത്യയ്ക്കിത് ചരിത്ര നിമിഷം. ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു

 Web Desk    25 Jun 2025

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു ശുക്ല.പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. 

ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്കിങ് നടപടികൾ പൂർത്തിയാക്കിയത് ഇന്ത്യൻ സമയം നാലരയോടെയായിരുന്നു. ഡോക്കിങ്ങിന്റെ സോഫ്റ്റ് ക്യാപ്ചർ പൂർത്തിയായശേഷം നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു. ഡോക്കിങ് പ്രക്രിയ പൂർത്തിയായപ്പോൾ ഇരു പേടകങ്ങളിലെയും മർദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ചർ പ്രവർത്തനങ്ങൾ നടന്നു. ഇന്ത്യൻ സമയം 6 മണിക്ക് യാത്രികർ ഡ്രാഗൺ പേടകത്തിൽനിന്ന് നിലയത്തിലേക്കു പ്രവേശിച്ചു. ബഹിരാകാശ നിലയത്തിലുള്ളവർ ഇവരെ സ്വീകരിച്ചു.

28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്. 14 ദിവസമാണ് സംഘം നിലയത്തിൽ കഴിഞ്ഞ് പരീക്ഷണങ്ങൾ നടത്തുക. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ലയാണ്. ദൗത്യത്തെ വഹിച്ച റോക്കറ്റ് സ്പേസ്എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 കുതിച്ചുയർന്നതു യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയി‍ൽ നിന്നായിരുന്നു. റോക്കറ്റിനു മുകളിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രാസംഘം സഞ്ചരിച്ചത്.

  • Share This Article
Drisya TV | Malayalam News