സ്കൂളുകളിൽ സ്റ്റാഫ് പാറ്റേൺ അനുവദിക്കാൻ ഓരോ അധ്യയന വർഷവും വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ നിർബന്ധമാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു. കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി തസ്തിക നിലനിർത്തുന്നത് തടയാനും ഇരട്ടിപ്പ് തടയാനും ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന നിബന്ധന തെറ്റാണെന്ന് പറയാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ്. തസ്തികകൾ അനുവദിച്ചപ്പോൾ ഇല്ലാത്ത വ്യവസ്ഥ നിർബന്ധമാക്കിയത് നിയമവിരുദ്ധമാണെന്ന് കാട്ടി തൃശൂർ മാളയിലെ എയ്ഡഡ് എൽ.പി സ്കൂൾ മാനേജർ നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്.
ഹർജിക്കാരന്റെ സ്കൂളിൽ മൂന്ന് കുട്ടികൾക്ക് ആധാറില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേതുർന്നുള്ള നടപടികൾ തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ നിർബന്ധമാക്കിയത് തങ്ങൾക്ക് ബാധകമല്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ, കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി കൂടുതൽ തസ്തിക ചോദിക്കുന്ന എയ്ഡഡ് മാനേജ്മെന്റുകളുടെ രീതി രഹസ്യമല്ലെന്ന് കോടതി പറഞ്ഞു. വ്യാജ അഡ്മിഷനുകൾ തിരിച്ചറിയാനാണ് ആധാർ നിബന്ധന നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹർജി തള്ളുകയായിരുന്നു.