Drisya TV | Malayalam News

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം വിച്ഛേദിച്ച് ഇറാൻ

 Web Desk    25 Jun 2025

അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ)യുമായുള്ള സഹകരണം വിച്ഛേദിച്ച് ഇറാൻ. ഇത് സംബന്ധിച്ച ബില്ലിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. അന്താരാഷ്ട്ര ആണവോർജ ഏജൻസി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് ഇറാൻ പാർലമെന്റ് ഐക്യകണ്ഠേന പാസാക്കിയത്.

ഐ.എ.ഇ.എ നിരീക്ഷകർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ വിലക്കുണ്ടാകും. ഏജൻസിയുടെ പ്രവേശനത്തിന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അംഗീകാരം ആവശ്യമായി വരുമെന്നും ഇറാൻ പാർലമെന്റ്് വക്താവ് അലിറെസ സലീമി പറഞ്ഞു. ബിൽ ഇറാൻ പാർലമെന്റ് പാസാക്കിയെങ്കിലും അന്തിമ അംഗീകാരം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലാണ് നൽകേണ്ടത്.

ഇറാനിലെ ആണവ നിലയങ്ങൾക്കെതിരായ ആക്രമണത്തെ ചെറിയ തോതിൽ പോലും അപലപിക്കാൻ തയ്യാറാകാതിരുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) അതിന്റെ അന്താരാഷ്ട്ര വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News