Drisya TV | Malayalam News

ഇനി ടിക്കറ്റിനായി കൈയിൽ പണം കരുതേണ്ട,ചലോ കാർഡ് വെള്ളിയാഴ്ച മുതൽ റീച്ചാർജ് ചെയ്ത് യാത്രചെയ്യാം

 Web Desk    23 Jun 2025

കെഎസ്ആർടിസിയുടെ ചലോ കാർഡുകൾ റീഡ് ചെയ്യുന്ന പുതിയ ടിക്കറ്റ് മെഷീനുകളുടെ പരീക്ഷണം പൂർത്തിയായി.ചലോ കാർഡുവാങ്ങി റീചാർജ് ചെയ്ത് വെള്ളിയാഴ്ച മുതൽ യാത്രചെയ്യാനാകും. എടിഎം കാർഡുകൾ സൈ്വപ് ചെയ്യുന്ന സംവിധാനമാണ് പുതിയ ടിക്കറ്റ് മെഷീനിലുമുള്ളത്. തിരുവനന്തപുരത്തു തുടങ്ങിയ സ്മാർട്ട് കാർഡ് യാത്ര പിന്നീട് കൊല്ലത്തു നടപ്പാക്കി. തുടർന്നാണ് ഇപ്പോൾ ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലുമെത്തുന്നത്.

100 രൂപയാണ് കാർഡിന്റെ വില. മിനിമം റീചാർജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീചാർജ് ചെയ്യാം. കണ്ടക്ടർമാർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, വിവിധ കെഎസ്ആർടിസി യൂണിറ്റ് എന്നിവിടങ്ങളിൽനിന്ന് കാർഡ് ലഭിക്കും. കാർഡുകൾ യാത്രക്കാർക്ക് ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കു കൈമാറാനുമാകും.കാർഡ് നഷ്ടമായാൽ ഉത്തരവാദിത്വം കാർഡുടമയ്ക്കായിരിക്കും. പ്രവർത്തന ക്ഷമമല്ലാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാർ യൂണിറ്റിൽ അപേക്ഷ നൽകണം. ഐടി വിഭാഗം പരിശോധന നടത്തി അഞ്ചുദിവസത്തിനുള്ളിൽ പുതിയ കാർഡു നൽകും. ഓഫറുണ്ട്

നിശ്ചിതകാലത്തേക്ക് കാർഡ് റീചാർജിന് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 40 രൂപ അധികവും 2000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 100 രൂപ അധികമായും ക്രെഡിറ്റ് ചെയ്യും. കാർഡിലെ തുകയ്ക്ക് ഒരു വർഷം വാലിഡിറ്റിയുണ്ട്. ഒരു വർഷത്തിലധികം കാർഡ് ഉപയോഗിക്കാതിരുന്നാൽ റീ ആക്ടിവേറ്റ് ചെയ്യണം.

യാത്രാ കാർഡിൽ കൃത്രിമം കാട്ടിയാൽ നിയമനടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. കാർഡു പൊട്ടുകയോ, ഒടിയുകയോ ചെയ്താൽ മാറ്റി നൽകുന്നത് പ്രായോഗികമല്ല. നിശ്ചിത തുകയ്ക്ക് പുതിയ കാർഡ് നൽകും. പഴയ കാർഡിലെ തുക പുതിയ കാർഡിലേക്കു മാറ്റി നൽകും. കാർഡ് നഷ്ടപ്പെട്ടാൽ മാറ്റി നൽകില്ല.

വാങ്ങുന്നതിനും റീ ചാർജ് ചെയ്യുന്നതിനും ഓൺലൈനും ഉപയോഗിക്കാം. വിതരണത്തിനായി മാർക്കറ്റിങ് എക്സിക്യുട്ടീവുമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ യൂണിറ്റിലും കാർഡ് വിതരണമുണ്ടാകും. ചലോ എന്ന് പേരിട്ടിരിക്കുന്ന ട്രാവൽ കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News