മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 9.50ന് ബോര്‍ഡിങ്ങിനായി എത്തേണ്ടയാള്‍ കുറച്ച് വൈകി. ഇതോടെ വിമാനത്താവള അധികൃതര്‍ ഇയാളെ അകത്തേക്ക് കയറ്റി വിട്ടില്ല. ഇതോടെ റണ്‍വേയിലേക്കുള്ള 42, 43 ഗേറ്റുകള്‍ക്കിടയിലുള്ള എമര്‍ജന്‍സി ആക്സസിലൂടെ പീയുഷ് റണ്‍വേയിലേക്ക് ഓടിക്കയറി. പട്നയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റണ്‍വേ വിട്ടിരിക്കില്ല എന്ന വിശ്വാസത്തിന്‍റെ പുറത്താണ് പീയുഷ് ഇത്രയ്ക്ക് റിസ്ക് എടുത്തത്. പക്ഷേ ആ വിമാനം കൃത്യസമയത്ത് തന്നെ പോയിരുന്നു. പീയുഷ് ഓടിയടുത്തതാകട്ടെ ഗുജറാത്തിലെ ഭുജില്‍ നിന്നെത്തിയ മറ്റൊരു എയര്‍ ഇന്ത്യ വിമാനത്തിനടുത്തേക്ക്.
സംഭവം ശ്രദ്ധയില്‍പെട്ടതോടെ പീയുഷിനെ വിമാനത്താവള അധികൃതര്‍ കയ്യോടെ പിടികൂടി ചോദ്യം ചെയ്തു. എന്തിനാണ് ഏപ്രണി (വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നയിടം)ലേക്ക് അതിക്രമിച്ചു കയറിയത് എന്ന് ചോദിച്ചപ്പോള്‍ പീയുഷ് ആദ്യം കുറെയധികം കള്ളങ്ങള്‍ പറഞ്ഞു. ഗ്രൗണ്ട് വെഹിക്കിള്‍ ഓടിക്കുന്ന ഡ്രൈവറാണ് തന്നെ ഏപ്രണിനടുത്ത് ഇറക്കിവിട്ടതെന്നടക്കം പീയുഷ് പറഞ്ഞു. എന്നാല്‍ ഇത് കള്ളത്തരമാണെന്ന് മനസ്സിലായി. പിന്നാലെ എയര്‍ ഇന്ത്യയിലെ ഒരു സ്റ്റാഫ് പീയുഷ് വിമാനത്തിനു നേരെ ഓടിവരുന്നത് കണ്ടുവെന്ന് മൊഴി നല്‍കി. വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. വിമാനം പറന്നുപൊങ്ങുമ്പോള്‍ അയാള്‍ അടുത്തെത്തിയിരുന്നുവെങ്കില്‍ സ്ഥിതി വഷളാകുമായിരുന്നു എന്നാണ് എയര്‍ ഇന്ത്യയുടെ സ്റ്റാഫ് പറഞ്ഞത്.
വിമാനത്താവളത്തില്‍ എത്താന്‍ വൈകി. വിമാനത്തില്‍ കയറാന്‍ സാധിക്കാതെ വന്നപ്പോഴാണ് എമര്‍ജന്‍സി ആക്സസിലൂടെ അകത്തുകടന്നത്. പക്ഷേ ടേക്ക് ഓഫ് ചെയ്യാന്‍ പോകുന്ന വിമാനം എവിടെ കിടക്കുന്നുവെന്നൊന്നും അറിയില്ലായിരുന്നു അതാണ് സംഭവിച്ചതെന്ന് അവസാനം പീയുഷ് തന്നെ തുറന്നുസമ്മതിച്ചു. പൊലീസ് ചോദ്യം ചെയ്ത ശേഷം പീയുഷിനെ സി.ഐ.എസ്.എഫിന് കൈമാറി. വിമാനയാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയതടക്കമുള്ള എയര്‍ക്രാഫ്റ്റ് ആക്ട് അനുസരിച്ച് പീയുഷിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.