Drisya TV | Malayalam News

കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിൽ ഇനി ലാൻഡ് ഫോണിന് പകരം മൊബൈല്‍ ഫോണ്‍

 Web Desk    23 Jun 2025

കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിൽ പൊതുജനങ്ങൾ ബന്ധപ്പെട്ടിരുന്ന ലാൻഡ് ഫോണുകൾ ജൂലായ് ഒന്നുമുതൽ പിൻവലിക്കും. പകരം എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഈ ആവശ്യത്തിനായി മൊബൈൽ ഫോണും ഔദ്യോഗിക സിമ്മും നൽകും.

ഈ മൊബൈൽ നമ്പർ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കണമെന്നും കെഎസ്ആർടിസിയുടെ ഉത്തരവിൽ പറയുന്നു. അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും പൊതുജനങ്ങൾ പുതിയ മൊബൈൽ നമ്പരിൽ വിളിക്കണം. പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്ക് സ്റ്റേഷൻ മാസ്റ്റർ മറുപടിനൽകണം.

എൻക്വയറി കൗണ്ടറിലേക്ക് വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കുന്നില്ലെന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് മൊബൈൽ ഫോൺ അനുവദിക്കുന്നത്. ഷെഡ്യൂളുകളുടെ ക്രമീകരണവും ജീവനക്കാരുടെ വിന്യാസവും നടത്തേണ്ട സ്റ്റേഷൻ മാസ്റ്റർക്ക് എൻക്വയറിക്ക് മറുപടിപറയാനുംകൂടി സമയം കിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.

ലാൻഡ് നമ്പർ ഒഴിവാക്കുന്നതിനുപുറമേ പല ഡിപ്പോകളിലും എൻക്വയറി കൗണ്ടർ നിർത്തിയിട്ടുമുണ്ട്. ഒരു സ്റ്റേഷൻ മാസ്റ്റർമാത്രമുള്ള ഡിപ്പോകളിലാണ് കൗണ്ടർ പ്രവർത്തനം നിർത്തിയത്. ഇത്തരം ഡിപ്പോകളിൽ കണ്ടക്ടർമാരാണ് എൻക്വയറി കൗണ്ടറുകളിൽ ഇരുന്നത്. അനുമതിയില്ലാതെയുള്ള ജീവനക്കാരുടെ 'അദർഡ്യൂട്ടി' സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ചീഫ് ഓഫീസിൽനിന്ന് കർശന നിർദേശം വന്നു. കോട്ടയം, കൊല്ലം, പുനലൂർ തുടങ്ങിയ പല ഡിപ്പോകളിലും ഇതോടെ എൻക്വയറി കൗണ്ടർ പ്രവർത്തനം നിലച്ചു. ഇതിൽ ജീവനക്കാർക്കും യാത്രക്കാർക്കും പ്രതിഷേധമുണ്ട്. അദർഡ്യൂട്ടി ഒഴിവാക്കുകയാണെങ്കിൽ പകരം സംവിധാനമൊരുക്കണമെന്നും ജീവനക്കാർ പറയുന്നു.

  • Share This Article
Drisya TV | Malayalam News