Drisya TV | Malayalam News

സിന്ധൂനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

 Web Desk    21 Jun 2025

സിന്ധൂനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാറിലെ നിബന്ധനകൾ ലംഘിച്ച പാകിസ്താൻ വെള്ളം കിട്ടാതെ വലയുമെന്നും പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കരാർ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ല. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല. എന്നാൽ അത് മരവിപ്പിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്, അത് ഞങ്ങൾ ചെയ്ത‌ിട്ടുണ്ട്.ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ, ഒരിക്കൽ അത് ലംഘിക്കപ്പെട്ടാൽ അതിന് നിലനിൽപ്പില്ല, അമിത് ഷാ പറഞ്ഞു.

ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം നമ്മൾ ഉപയോഗിക്കും. പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. അന്യായമായി ലഭിച്ചിരുന്ന വെള്ളം തുടർന്ന് ലഭിക്കാതെ പാകിസ്‌താൻ വലയും അമിത് ഷാ പറഞ്ഞു.

കശ്‌മീരിലെ സമാധാനം തകർക്കാനും വിനോദസഞ്ചാര മേഖലയുടെ വളർച്ച തടയാനും കശ്‌മീരി യുവാക്കളെ വഴിതെറ്റിക്കാനുമുള്ള മനഃപൂർവമായ് ശ്രമമാണ് പഹൽഗാം ഭീകരാക്രമണത്തിലൂടെ നടന്നത്. പാകിസ്താൻ എന്ത് ചെയ്യാൻ തയ്യാറായാലും ഒട്ടും വൈകാതെ അതിനെതിരേ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News