ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ഇറാൻ്റെ വ്യോമപാത ഇന്ത്യൻ വിദ്യാർഥികളുടെ ഒഴിപ്പിക്കലിനായി തുറന്നു. സംഘർഷബാധിത ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ സർക്കാരിന്റെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതിയായ 'ഓപ്പറേഷൻ സിന്ധു'വിൻ്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ വിമാനം ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിയോടെ ഡൽഹിയിൽ എത്തിയേക്കും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ ശനിയാഴ്ചയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്, ഒന്ന് രാവിലെയും മറ്റൊന്ന് വൈകീട്ടും ഡൽഹിയിലെത്തും.
ഇസ്രയേലിൽനിന്നുള്ള മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും തുടരുന്നതിനാൽ ഇറാനിയൻ വ്യോമാതിർത്തി അന്താരാഷ്ട്ര വിമാനങ്ങൾക്ക് മുന്നിൽ അടഞ്ഞുകിടക്കുകയാണ്. വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ഇന്ത്യയ്ക്ക് മാത്രമായി ഒരു പ്രത്യേക ഇടനാഴി അനുവദിച്ചിരിക്കുകയാണിപ്പോൾ.
ഇസ്രയേലുമായുള്ള സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ ഇറാനിൽനിന്ന് ഇന്ത്യക്കാരെ 'ഓപ്പറേഷൻ സിന്ധു'എന്ന പേരിലാണ് ഒഴിപ്പൽ നടപടി സ്വീകരിക്കുന്നത്. വ്യോമാതിർത്തി അടച്ചതിനാൽ അർമേനിയ വഴിയും തുർക്ക്മെനിസ്‌താൻവഴിയുമൊക്കെയായിരുന ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചുവന്നിരുന്നത്.