Drisya TV | Malayalam News

വിമാനത്താവളങ്ങളുടെ പരിസരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും നിയന്ത്രിക്കാനുള്ള കരടുചട്ടം പ്രസിദ്ധീകരിച്ചു

 Web Desk    20 Jun 2025

വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെന്നു ബോധ്യപ്പെട്ടാൽ അതു നീക്കം ചെയ്യാൻ ആവശ്യപ്പെടാം. ആവശ്യം ഉടമ അംഗീകരിച്ചില്ലെങ്കിൽ കലക്ടറുടെ ഇടപെടൽ വഴി പൊളിച്ചുമാറ്റുകയോ മുറിച്ചുമാറ്റുകയോ ചെയ്യാം.അതിനുള്ള കരടുചട്ടം കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം നിലവിൽ വന്ന ഭാരതീയ വായുയാൻ നിയമത്തിന്റെ ചുവടുപിടിച്ചാണു ചട്ടങ്ങൾ.

∙ വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്ക് ഓഫിനും ഏതെങ്കിലും കെട്ടിടമോ മരമോ തടസ്സമാണെന്നു വിമാനത്താവളത്തിലെ ഓഫിസർ ഇൻ ചാർജിനു തോന്നിയാൽ ഇതു സംബന്ധിച്ച സർക്കാർ നോട്ടിഫിക്കേഷൻ ഉടമയ്ക്കു നൽകണം. തുടർന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് (ഡിജിസിഎ) വിമാനത്താവളം റിപ്പോർട്ട് നൽകണം.

∙ കെട്ടിടം അല്ലെങ്കിൽ മരത്തിന്റെ വിവരങ്ങൾ ഉടമയിൽനിന്നു തേടിക്കൊണ്ട് ഡിജിസിഎ ഉടമയ്ക്കു നിർദേശം നൽകും. 60 ദിവസത്തിനകം ഇതിനു മറുപടി നൽകണം. നൽകിയില്ലെങ്കിൽ വിമാനത്താവളം ആദ്യം നൽകിയ റിപ്പോർട്ട് അതേപടി പരിഗണിക്കും.

∙ ഉടമയുടെ മറുപടി വിമാനത്താവളത്തിലെ ഓഫിസർ ഇൻ–ചാർജ് മുഖേനയാണ് ഡിജിസിഎയ്ക്കു കൈമാറേണ്ടത്. മറുപടിയിൽ പറയുന്ന കാര്യങ്ങൾ വിമാനത്താവള അധികൃതർ നേരിട്ട് പോയി പരിശോധിച്ചുറപ്പിക്കണം.

∙ വിമാനത്താവളം കൈമാറിയ വിവരങ്ങൾ അനുസരിച്ചു കെട്ടിടത്തിന്റെ ഉയരം കുറയ്ക്കാനോ മരം വെട്ടാനോ ഡിജിസിഎയ്ക്ക് ഉത്തരവിടാം. ഉത്തരവിട്ടാൽ 60 ദിവസത്തിനുള്ളിൽ ഇതു പാലിക്കാൻ ഉടമയ്ക്ക് ബാധ്യതയുണ്ട്.

∙ പാലിച്ചില്ലെങ്കിൽ കലക്ടർ വഴി കെട്ടിടം പൊളിക്കാനോ മരം മുറിക്കാനോ ഉത്തരവിടാം. കലക്ടറുടെ നടപടിക്കു മുൻപ് ഉടമയ്ക്ക് അപ്പീൽ നൽകാനും സൗകര്യമുണ്ടാകും.

  • Share This Article
Drisya TV | Malayalam News