സിദ്ധപൂർ ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. രാം കിഷോർ ലോധ് എന്ന 32-കാരനാണ് അസാമാന്യ ധൈര്യം കാട്ടിയത്.പാമ്പിന്റെ കടിയേറ്റതിന് പിന്നാലെ ഒട്ടും പതറാതെ ബുദ്ധിപരമായ നീക്കത്തിനാണ് അദ്ദേഹം മുതിർന്നത്.വീടിന്റെ അറ്റകുറ്റ പണികൾ ചെയ്യുന്നതിനിടെയാണ് മൂർഖൻ കൈവിരലിൽ കടിച്ചത്.
കൈവിരൽ അടയ്‌ക്ക മുറിക്കുന്ന ഉപകരണം ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. വിഷം പടരാതിരിക്കാനായിരുന്നു ഇത്. പിന്നീട് വിരൽ പ്ലാസ്റ്റിക് കവറിലാക്കി 32 കിലോ മീറ്റർ ബൈക്കിൽ യാത്ര ചെയ്ത് ജില്ലാ ആശുപത്രിയിൽ എത്തുകയായിരുന്നു. “മണ്ണു കൊണ്ട് നിർമിച്ചിരിക്കുന്ന വീടിന്റെ അറ്റകുറ്റ പണിയിലായിരുന്നു ഞാൻ. പെട്ടെന്നാണ് പാമ്പ് കടിയേറ്റത്. വിഷം പടരാതിരിക്കാൻ അടയ്‌ക്ക മുറിക്കുന്ന ഉപകരണം ഉപയോഗിച്ച് എന്റെ വിരൽ മുറിച്ചുമാറ്റേണ്ടി വന്നു”-രാംകിഷോർ പറഞ്ഞു.
"പാമ്പിന് ഒരു മീറ്റർ നീളവും വിഷമുള്ളതുമായിരുന്നു, പിന്നെ ഒരു മതിൽ കയറുമ്പോൾ പാമ്പിനെ കൊല്ലേണ്ടി വന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. വിരൽ തുന്നിച്ചേർക്കാൻ ശസ്ത്രക്രിയ വേണ്ടിവരുമെന്നും അത് വിജയിക്കുമോ എന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു. രാം കിഷോറിന്റെ ആരോഗ്യനില തൃപ്തികരമാണ്.