എയർ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ നടത്തിയ പരിശോധനയിൽ കാര്യമായ സുരക്ഷാപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്നു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ).എല്ലാ വിമാനങ്ങളും അതിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായും ഡിജിസിഎ വിലയിരുത്തി. എയർ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഡിജിസിഎയുടെ വിലയിരുത്തൽ.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ ബോയിങ് 787–8/9 ഡ്രീംലൈനർ വിമാനങ്ങളിലും അധിക സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ നിർദേശം നൽകിയത്. 33 ഡ്രീംലൈനർ വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. മറ്റ് ഇന്ത്യൻ കമ്പനികൾക്കു സ്വന്തം ഡ്രീംലൈനർ വിമാനങ്ങളില്ല. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ടത് 787 ഡ്രീംലൈനർ വിമാനമാണ്.
33 എണ്ണത്തിൽ 26 എണ്ണത്തിന്റെ വിദഗ്ധ പരിശോധന ഇതുവരെ പൂർത്തിയാക്കി. നാളെ ഒരെണ്ണം കൂടി പൂർത്തിയാക്കും. 4 വിമാനങ്ങൾ പരിശോധിച്ചുവരുന്നു. സർവീസ് നടത്താത്ത 2 എണ്ണം ഡൽഹിയിലുണ്ട്. ഇവ സർവീസിന് തയാറാകുന്ന മുറയ്ക്കു പരിശോധിക്കും.ഓപ്പറേഷൻസ്, ഗ്രൗണ്ട് ഹാൻഡ്‍ലിങ്, എൻജിനീയറിങ് വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കണമെന്നും സ്പെയർപാർട്സുകൾ ആവശ്യത്തിനു ലഭ്യമാക്കി സമയബന്ധിതമായ സർവീസുകൾ ഉറപ്പാക്കണമെന്നും ഡിജിസിഎ നിർദേശിച്ചു.