ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് വിക്ഷേപിച്ച യൂറോപ്പിന്റെ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശത്ത് വെച്ച് ആദ്യ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചു. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച്(കൊറോണ) പഠിക്കാനുള്ള ദൗത്യമാണ് പ്രോബ-3.
ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒക്യുൽറ്റർ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നീ രണ്ട് ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് പ്രോബ-3 ദൗത്യത്തിൽ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചത്. മില്ലി മീറ്റർ കൃത്യതയിൽ സൂര്യന്റെ ചുറ്റുമുള്ള ആവരണ വലയത്തെ അഥവാ കൊറോണയെ കൃത്യമായി നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും.
സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമെയുള്ള പാളിയാണ് കൊറോണ. അതിതീവ്രമായ ചൂടേറിയ വാതകങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ് കൊറോണ. സൂര്യന്റെ അതിതീവ്ര പ്രകാശം കാരണം മനുഷ്യർക്ക് കൊറോണ കാണാൻ സാധിക്കില്ല. എന്നാൽ സൂര്യഗ്രഹണ സമയത്ത് മാത്രം സൂര്യന്റെ പ്രധാന ഭാഗം വൃത്താകൃതിയിൽ ചന്ദ്രനാൽ മറയ്ക്കപ്പെടുകയും ചുറ്റിലുമുള്ള കൊറോണ ഭൂമിയിൽ നിന്ന് ദൃശ്യമാകുകയും ചെയ്യാറുണ്ട്.
എന്നാൽ സൂര്യഗ്രഹണം സ്ഥിരമായി സംഭവിക്കാത്ത ഒരു പ്രതിഭാസമായതിനാൽ കൊറോണയെ കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് ഓരോ സൂര്യഗ്രഹണം വരെയും കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാൽ പ്രോബ 3 ദൗത്യത്തിലൂടെ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് നിരന്തരമെന്നോണം കൊറോണയെ കാണാനും പഠിക്കാനും സാധിക്കും.2024 ഡിസംബറിൽ ഐഎസ്ആർഒയുടെ പിഎസ്എൽവി-എക്സ്എൽ റോക്കറ്റിലാണ് പ്രോബ-3 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.