തിങ്കളാഴ്ചയും ഇരുരാജ്യങ്ങളും പരസ്‌പരം ആക്രമണം തുടരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ജറുസലേമിലും ടെൽ അവീവിലും വലിയ സ്ഫോടനശബ്ദ്‌ദങ്ങൾ കേട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലെ പലയിടങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി സൈറണുകൾ മുഴങ്ങിയെന്നും റിപ്പോർട്ടിലുണ്ട്.
ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധസേന(ഐഡിഎഫ്)യും സ്ഥിരീകരിച്ചു. ഏകദേശം ഇരുപതോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും ഐഡിഎഫ് പറഞ്ഞു. ഇറാൻ്റെ മിസൈൽ ആക്രമണം തടയാൻ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും ഐഡിഎഫ് അറിയിച്ചു. മധ്യഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. യാത്രക്കാരില്ലാത്ത ഒരു ബസിനും വാഹനങ്ങൾക്കും തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും 'ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ 'അയേൺ ഡോം' ഹാക്ക് ചെയ്തതായി ഇറാൻ അവകാശപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടർന്ന് അയേൺ ഡോം സംവിധാനത്തിനുമേൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായെന്നും ഇതേത്തുടർന്ന് ഇസ്രയേലിന്റെ മിസൈലുകൾ തന്നെ ഇസ്രയേലിലെ പലയിടങ്ങളിലും പതിച്ചെന്നും ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ഇറാനെതിരേ ഇസ്രയേലും ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇറാന്റെ മിസൈൽകേന്ദ്രങ്ങളും പോർവിമാനങ്ങളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. കഴിഞ്ഞദിവസം ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്' ആസ്ഥാനത്തിന് നേരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ന്യൂസ് എഡിറ്ററായ നിമ റജബ്പൗർ, അഡ്‌മിനിസ്ട്രേറ്റീവ് ജീവനക്കാരനായ മസൗം അസീമി എന്നിവരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ടെലിവിഷൻ ആസ്ഥാനത്തിന് നേരേ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ രണ്ട് ടെലിവിഷൻ ചാനലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി.
അതിനിടെ, പശ്ചിമേഷ്യയിലെ പ്രശ്നപരിഹാരത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി അമേരിക്കയിലേക്ക് മടങ്ങി. വാഷിങ്ടണിലേക്ക് മടങ്ങിയ അദ്ദേഹം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ദേശീയ സുരക്ഷാ കൗൺസിലും വിളിച്ചുചേർത്തിട്ടുണ്ട്.