കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ മൂന്ന് ലോട്ടറി നറുക്കെടുപ്പുകളില്‍ വിജയിയായി ഡേവിഡ് സെര്‍കിൻ. 15.6 കോടിയാണ് (2.5 മില്യണ്‍ ഡോളര്‍) മൂന്ന് ലോട്ടറികളില്‍നിന്നുമായി ഡേവിഡിന് ലഭിച്ചത്. ആഗസ്റ്റ് 20ന് നടന്ന ലോട്ടോ മാക്സ് നറുക്കെടുപ്പില്‍ 500000 ഡോളറും നവംബര്‍ 16ന് നടന്ന ലോട്ടോ 6/49 നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളറുമാണ് നേടിയത്. മേയ് മൂന്നിലെ ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പില്‍ ഡേവിഡ് ഒരു മില്യണ്‍ ഡോളര്‍ നേടിയതായി വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
1982 ല്‍ ലോട്ടോ 6/49 ആരംഭിച്ചത് മുതൽ ഡേവിഡ് അതിൽ പങ്കെടുത്തിരുന്നു. ടിക്കറ്റുകള്‍ വാങ്ങി വിജയിച്ചോ എന്ന് പരിശോധിക്കുന്നത് താന്‍ വളരെയധികം ആസ്വദിച്ചിരുന്നുവെന്നും ടിക്കറ്റിൽ ഒന്നും ലഭിച്ചില്ലെങ്കിൽ വീണ്ടും ശ്രമിക്കുമെന്നും ഡേവിഡ് പറഞ്ഞു. അർബുദത്തെ അതിജീവിച്ച് വന്നയാളാണ് താൻ, ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്നാണ് സന്തോഷം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് 250,000 ഡോളര്‍ ലോട്ടറിയടിച്ചിരുന്നു.