Drisya TV | Malayalam News

കാനഡയിലെ പൗരത്വ നിയമത്തിൽ മാറ്റം നിർദേശിക്കുന്ന പുതിയ ബിൽ കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് അവതരിപ്പിച്ചു

 Web Desk    10 Jun 2025

കാനഡയിലെ പൗരത്വ നിയമത്തിൽ മാറ്റം നിർദേശിക്കുന്ന പുതിയ ബിൽ കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് അവതരിപ്പിച്ചു. കാനഡയിൽ കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവരുടെ മക്കൾക്ക് വംശാവലി അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന നിയമനിർമ്മാണമാണ് അവതരിപ്പിച്ചത്. ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നിരവധി കുടിയേറ്റക്കാർ ഈ ബില്ലിനെ സ്വാഗതം ചെയ്തു. വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് 'ഒന്നാം തലമുറ പരിധി' ചേർക്കുന്നതിനായി 2009-ൽ പൗരത്വ നിയമം ഭേദഗതി ചെയ്തിരുന്നു.

നിലവിൽ കാനഡയ്ക്ക് പുറത്ത് ജനിച്ച കുട്ടിക്ക് പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കൾ ഒന്നുകിൽ കാനഡയിൽ ജനിച്ചതോ അല്ലെങ്കിൽ ആ കുട്ടിയുടെ ജനനത്തിന് മുമ്പ് പൗരന്മാരോ ആയിരിക്കുകയോ വേണമെന്നായിരുന്നു ഭേദഗതി. കാനഡയ്ക്ക് പുറത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ കുട്ടിക്ക് പൗരത്വം നൽകാൻ കഴിഞ്ഞിരുന്നില്ല. കാനഡയ്ക്ക് പുറത്ത് നിന്ന് ദത്തെടുക്കുന്ന കുട്ടിക്ക് നേരിട്ട് പൗരത്വം നൽകുന്നതിനും കഴിയില്ല.

വിദേശത്ത് ജനിച്ച വ്യക്തികൾക്ക് വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ഒന്നാം തലമുറ പരിധി ഏർപ്പെടുത്തിയതിന്റെ ഫലമായി, വംശാവലി അനുസരിച്ചുള്ള പൗരന്മാരായ മിക്ക കനേഡിയൻ പൗരന്മാർക്കും കാനഡയ്ക്ക് പുറത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്യുന്ന തങ്ങളുടെ കുട്ടിക്ക് പൗരത്വം കൈമാറാൻ കഴിയില്ലെന്നും നമ്മുടെ രാജ്യത്തെ നിർവചിക്കുന്ന മൂല്യങ്ങളെയും നിലവിലെ ഒന്നാം തലമുറ പൗരത്വ പരിധി പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പറയുന്നു.

കഴിഞ്ഞ വർഷം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഒന്നാം തലമുറ പരിധി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. മുൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കഴിഞ്ഞ മാർച്ചിൽ ഈ നിയമനിർമ്മാണം അവതരിപ്പിച്ചെങ്കിലും അത് പാസാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ബിൽ വീണ്ടും അവതരിപ്പിച്ചത്. നിലവിലെ പൗരത്വ നിയമത്തിലെ പ്രശ്നം ബിൽ സി-3 തീർച്ചയായും അഭിസംബോധന ചെയ്യുകയും തിരുത്തുകയും ചെയ്യുന്നുമെന്നും കനേഡിയൻ സർക്കാർ അറിയിച്ചു. ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാവുകയും അനുമതി ലഭിക്കുകയും ചെയ്താൽ, ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഞങ്ങൾ എത്രയും വേഗം പ്രവർത്തിക്കുമെന്നും ഐആർസിസി വൃത്തങ്ങൾ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News