ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും പ്രമുഖ സ്‌പെക്‌സ് നിർമാതാക്കളായ റേ-ബാനും ചേർന്ന് പുറത്തിറക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ടിതമായ റേ-ബാൻ മെറ്റ ഗ്ലാസുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഗ്ലാസുകൾ ചൊവ്വാഴ്ച്ച മുതൽ പ്രീ ഓഡർ ചെയ്യാം. മെയ് 19 മുതൽ റേ-ബാൻ വെബ്ബ് സൈറ്റിലൂടെയും രാജ്യത്തെ പ്രമുഖ ഒപ്റ്റിക്കൽ, സൺഗ്ലാസ് സ്റ്റോറുകളിലൂടെയും വാങ്ങാൻ സാധിക്കും.
മെറ്റയും റേ-ബാൻ ഗ്ലാസിന്റെ മാതൃകമ്പനിയുമായ എസ്സിലോർ ലക്‌സോട്ടിക്കയും ചേർന്നാണ് റേ-ബാൻ മെറ്റ ഗ്ലാസ് പുറത്തിറക്കുന്നത്. രണ്ട് കാമറകളും ഓപ്പൺ ഇയർ സ്പീക്കറുകളും മൈക്രോഫോണും മെറ്റ ഗ്ലാസിൽ ഉണ്ട്. Qualcomm Snapdragon AR1 Gen1 പ്രോസസർ ആണ് ഗ്ലാസിൽ ഉപയോഗിക്കുന്നത്. 12 എംപി ക്യാമറയും ഗ്ലാസിൽ ഉണ്ട്.
പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് റേ-ബാൻ മെറ്റ ഗ്ലാസുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 29,900/ രൂപ മുതൽ ആണ് ഗ്ലാസിന്റെ വില. 'Hey Meta' എന്ന കമാന്‍ഡിലൂടെ ഗ്ലാസ് പ്രവർത്തിപ്പിക്കാന് സാധിക്കും. മുമ്പിൽ കാണുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും മ്യൂസിക്കോ പോഡ്കാസ്റ്റുകളോ കേൾക്കുന്നതിനോ ഈ ഗ്ലാസ് ഉപയോഗിക്കാം.
ഇതിന് പുറമെ ഫോൺകോളുകൾ എടുക്കാനും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ ലൈവ് സ്ട്രീം ചെയ്യാനും ഈ ഗ്ലാസുകൾ സഹായിക്കും. തൽസമയ ലാഗ്വേജ് ട്രാൻസ്‌ലേഷൻ റേ-ബാൻ മെറ്റഗ്ലാസിന്റെ പ്രത്യേകതയാണ്. നിലവിൽ ഇംഗ്ലീഷ്, ഫ്രഞ്ച്. ഇറ്റാലിയൻ, സ്പാനീഷ് ഭാഷകളുടെ പാക്കുകൾ പ്രീ ഇൻസ്റ്റാളായി ഗ്ലാസിൽ സേവ് ചെയ്യാൻ സാധിക്കും. വിദേശരാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇഷ്ടപ്പെട്ട ഭാഷയിൽ അവർ പറയുന്നത് തത്സമയം കണ്ണടയിലൂടെ കേൾക്കാൻ സാധിക്കും.
Meta AI ആപ്പുമായി എളുപ്പത്തിൽ റേ-ബാൻ മെറ്റ ഗ്ലാസുകൾ കണക്ട് ചെയ്യാൻ സാധിക്കും. ഇൻസ്റ്റാഗ്രാമിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ, ഫോട്ടോകൾ, ഓഡിയോ കോളുകൾ, വീഡിയോ കോളുകൾ എന്നിവ ഗ്ലാസുകളിൽ ഹാൻഡ്സ്-ഫ്രീ ആയി അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുമെന്നും മെറ്റ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു. വാട്ട്സ്ആപ്പ്, മെസഞ്ചർ എന്നിവയിലൂടെ കോളുകൾ ചെയ്യാനും സന്ദേശങ്ങൾ അയയ്ക്കുന്നതിന് ഒപ്പം ഐഫോണിലോ ആൻഡ്രോയിഡ് ഫോണുകളിലോ ഉള്ള നേറ്റീവ് മെസേജിംഗ് ആപ്പും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കും.