Drisya TV | Malayalam News

ചൈനയിലേയും തുര്‍ക്കിയിലേയും ഔദ്യോഗിക മാധ്യമങ്ങളുടെ X അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് 

 Web Desk    14 May 2025

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസിന്റെയും സിൻഹുവ വാർത്താ ഏജൻസിയുടെയും എക്സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ടുകൾ തടഞ്ഞ് ഇന്ത്യ. തുർക്കിയുടെ ടിആർടി വേൾഡിന്റെയും എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കുണ്ടെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള പീപ്പിൾസ് ഡെയ്ലിയുടെ ഇംഗ്ലീഷ് ടാബ്ലോയിഡ് പത്രമാണ് ഗ്ലോബൽ ടൈംസ്.

ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് സിൻഹുവ. സൈനിക നടപടിയെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ നൽകിയതിന് ഗ്ലോബൽ ടൈംസിന് ചൈനയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാനും കൃത്യത ഉറപ്പാക്കാനും എംബസി നിർദേശിച്ചിരുന്നു.

'പാകിസ്താൻ അനുകൂല ഹാൻഡിലുകൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഉറവിടങ്ങൾ പരിശോധിക്കാതെ മാധ്യമങ്ങൾ ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നത് ഉത്തരവാദിത്തത്തിലും മാധ്യമപ്രവർത്തന ധാർമ്മികതയിലും വലിയ വീഴ്ചയാണ്' -എംബസിയുടെ പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഘർഷങ്ങൾ വർധിച്ചതുമുതൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റ് തെറ്റായ വിവരങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന നിരവധി ദൃശ്യങ്ങളും കേന്ദ്ര സർക്കാർ ഏജൻസി കണ്ടെത്തിയിരുന്നു.

  • Share This Article
Drisya TV | Malayalam News