Drisya TV | Malayalam News

തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള യാത്രകൾ വൻതോതിൽ റദ്ദാക്കി ഇന്ത്യൻ വിനോദ സഞ്ചാരികൾ

 Web Desk    14 May 2025

ഇന്ത്യ പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള എല്ലാ ഫ്ളൈറ്റ് - ഹോട്ടൽ ബുക്കിംഗുകളും നിർത്തിവെച്ചതായി ഓൺലൈൻ യാത്രാ പ്ലാറ്റ്ഫോമായ ഈസ്മൈട്രിപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, കമ്പനിയുടെ സഹസ്ഥാപകനായ പ്രശാന്ത് പിറ്റിയാണ് ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകൾ ഇന്ത്യക്കാർ വൻതോതിൽ റദ്ദാക്കുന്നതായി ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

തുർക്കിയിലേക്കുള്ള യാത്ര ബുക്ക് ചെയ്തവരിൽ ഏകദേശം 22 ശതമാനം പേരും അസർബൈജാനിലേക്കുള്ളതിൽ 30 ശതമാനത്തിന് മുകളിൽ പേരും യാത്ര റദ്ദാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം 3.8 ലക്ഷം ഇന്ത്യക്കാരാണ് ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. ഓരോ യാത്രക്കാരനിൽ നിന്ന് 60,000-70,000 രൂപ കണക്കാക്കിയാലും ഏകദേശം 2,500 മുതൽ 3,000 കോടി രൂപയാണ് ഈ രാജ്യങ്ങളിൽ ഇന്ത്യക്കാർ ചെലവഴിച്ചിരുന്നത്. എവിടെയാണ് പണം ചെലഴവിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യക്കാർ അറിഞ്ഞിരിക്കണം. പാകിസ്താന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രശാന്ത് പിറ്റി കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News