മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാൻ കഴിയുന്ന എയർബൈക്ക് വികസിപ്പിച്ചെന്ന അവകാശവാദവുമായി പോളിഷ് കമ്പനി. പറക്കും വാഹനങ്ങൾ വികസിപ്പിക്കുന്ന വോളോനോട്ട് എന്ന കമ്പനിയുടെ സ്ഥാപകൻ തോമസ് പാറ്റൻ ആണ് എയർബൈക്ക് വികസിപ്പിച്ചത്. ജെറ്റ് പ്രൊപ്പൽഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരാൾക്ക് സഞ്ചരിക്കാവുന്ന ചെറിയ വാഹനമാണിത്. സാധാരണ മോട്ടോർസൈക്കിളിനേക്കാൾ ഏഴ് മടങ്ങ് ഭാരം കുറവാണ് എയർബൈക്കിനെന്ന് കമ്പനി അവകാശപ്പെടുന്നു.
നൂതന കാർബൺ ഫൈബർ ഘടകങ്ങൾ, 3ഡി പ്രിന്റിംഗ്, മിനിമലിസ്റ്റിക് സമീപനം എന്നിവയാണ് ബൈക്കിന്റെ ഭാരം കുറയ്ക്കുന്നത്. 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സവിശേഷമായ റൈഡിംഗ് പൊസിഷൻ റൈഡറെ പറക്കും യന്ത്രവുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ സഹായിക്കുകയും സമ്പൂർണ്ണ സ്വാതന്ത്ര്യത്തിന്റെ അനുഭൂതി നൽകുകയും ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എയർബൈക്കിന്റെ സാങ്കേതിക വിശദാംശങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് വാഹനത്തെക്കുറിച്ച് ഉയർന്നിട്ടുള്ളത്.
സ്റ്റാർ വാർസ് ദിനം എന്ന് അറിയപ്പെടുന്ന മെയ് 4-നാണ് വോളോനോട്ട് എയർബൈക്ക് പുറത്തിറക്കിയത്. പ്രൊഡക്ഷൻ മോഡൽ എന്ന് വിപണിയിലെത്തുമെന്നോ വിലയോ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.