Drisya TV | Malayalam News

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല, വില 15 ശതമാനം കുറയും:ആകർഷകമായ ഇലക്ട്രിക് നയം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ      

 Web Desk    2 May 2025

മലിനീകരണ മുക്തമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ കണ്ടെത്തിയ പ്രധാന മാർഗങ്ങളിൽ ഒന്നാണ് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രം നൽകുന്ന ഇളവുകൾക്ക് പുറമെ, ഓരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം ഇലക്ട്രിക് വാഹന നയങ്ങളും ഒരുക്കുന്നുണ്ട്. വാഹനങ്ങൾക്കുള്ള സബ്സിഡി, നികുതി ഇളവുകൾ തുടങ്ങിയവയാണ് ഇലക്ട്രിക് വാഹന നയത്തിൽ പ്രധാനമായും നിർദേശിക്കുന്നത്.

മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച ഇലക്ട്രിക് നയം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ആകർഷകമാണ്. സാധാരണ നിലയിൽ പ്രഖ്യാപിക്കാറുള്ള നികുതി ഇളവുകൾക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കിയതാണ് മഹാരാഷ്ട്ര സർക്കാരിന്റെ ഇലക്ട്രിക് വാഹന നയത്തിൽ പ്രധാന നിർദേശം. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാന വ്യാപകമായി സ്ഥാപിക്കുകയാണ് നയത്തിലെ മറ്റൊരു ലക്ഷ്യം.

2030 വരെ നീളുന്ന ദീർഘകാല ഇലക്ട്രിക് വാഹന നയമാണ് മഹാരാഷ്ട്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 1993 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണവും ഉപയോഗവും വർധിപ്പിക്കുകയെന്നതാണ് പ്രഥമിക ലക്ഷ്യം. പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നവർക്ക് സബ്സിഡി ഉറപ്പാക്കും. ദേശീയപാതയിൽ 25 കിലോമീറ്റർ ഇടവിട്ട് ഒരു ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുമെന്നും ഇവി പോളിസിയിൽ പറയുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, സ്വകാര്യ ഇലക്ട്രിക് കാറുകൾ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ, സ്വകാര്യ ബസുകൾ എന്നിവയ്ക്ക് അതിന്റെ വിലയുടെ പത്ത് ശതമാനം ഇളവ് നൽകാനാണ് പോളിസിയിൽ നിർദേശിച്ചിരിക്കുന്നത്. മുച്ചക്ര ഇലക്ട്രിക് ഗുഡ്സ് വാഹനം, ഫോർ വീലർ, ഇലക്ട്രിക് ട്രാക്ടറുകൾ എന്നിവയ്ക്ക് വിലയുടെ 15 ശതമാനം ഇളവ് നൽകാനും, എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കുമെന്നും ഇലക്ട്രിക് വാഹന നയത്തിൽ പറയുന്നു.

ഫോർ വീലർ ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രിക് ബസുകൾ തുടങ്ങിയവയെ മുംബൈ-പൂനെ എക്സ്പ്രസ്വേ, അടൽ സേതു, സമൃദ്ധി മഹാമാർഗ് എന്നിവിടങ്ങളിലെ ടോളിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ, മഹാരാഷ്ട്ര സംസ്ഥാന പാതകളിലും ദേശീയപാതകളിലും ഈ വാഹനങ്ങൾക്ക് പകുതി ടോൾ നൽകിയാൽ മതിയെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പുതിയ ഇലക്ട്രിക് വാഹന നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News