ഡിടിപിസിയുടെ അധീനതയിലുള്ള സാമ്പ്രാണിക്കോടി ടൂറിസം കേന്ദ്രത്തിലെ വിനോദസഞ്ചാരികൾക്ക് ടിക്കറ്റെടുക്കുന്നത് വ്യാഴാഴ്ചമുതൽ ഓൺലൈനിൽ മാത്രം. ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dtpckollam.com-ലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
സാമ്പ്രാണിക്കോടി, മണലിൽ, കുരീപ്പുഴ എന്നിവിടങ്ങളിലേക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. തുരുത്തിൽ സന്ദർശനത്തിനെത്തുന്നവരുടെ തിരക്ക് വർധിച്ചതോടെ കഴിഞ്ഞ ഏപ്രിൽ 20-ന് ബോട്ട് യാത്ര സംബന്ധിച്ചുള്ള തർക്കം സംഘർഷത്തിൽവരെ എത്തിയിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഡിടിപിസിയുടെ നിയന്ത്രണത്തിലാണ് ബോട്ടുകൾ തുരുത്തിലേക്ക് സർവീസ് നടത്തുന്നത്.
ആദ്യം സാമ്പ്രാണിക്കോടിയിൽ മാത്രമാണ് ബോട്ട് സെന്റർ ഉണ്ടായിരുന്നത്. പിന്നീട് തിരക്ക് കൂടിയതോടെയാണ് മണലിലും കുരീപ്പുഴയിലും സെന്ററുകൾ ആരംഭിച്ചത്. ഓരോ സെന്ററിൽനിന്നും 20 ബോട്ടുകൾവീതം ക്രമമനുസരിച്ചാണ് സർവീസ് നടത്തുന്നത്. മണലിൽ ഭാഗത്തുനിന്നു പോകുന്ന ബോട്ടുകൾ ദൂരക്കൂടുതൽ കാരണം തുരുത്തിൽ പാർക്ക് ചെയ്തശേഷം തിരിച്ച് ആളുകളുമായാണ് എത്തിയിരുന്നത്. ഇതോടെ ഇവിടത്തെ സഞ്ചാരികളുടെ തിരക്ക് വർധിക്കുകയും പ്രശ്നം സംഘർഷത്തിലെത്തുകയുമായിരുന്നു. തുടർന്ന് കൗണ്ടറുകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
സാമ്പ്രാണിക്കോടിയുടെ നിയന്ത്രണം ഡിടിപിസി ഏറ്റെടുത്തതോടെയാണ് തുരുത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും വരുമാനവും കൃത്യമായി കണക്കാക്കാൻ തുടങ്ങിയത്. മുൻപ് വിവിധ സ്ഥലങ്ങളിൽനിന്ന് സ്വകാര്യ ബോട്ടുകളും ഇവിടേക്ക് എത്തിയിരുന്നു. പല ഭാഗത്തുനിന്നും എത്തുന്ന ടൂർ ഓപ്പറേറ്റർമാർ തമ്മിൽ സംഘർഷങ്ങളും പതിവായിരുന്നു. സഞ്ചാരികളെ കൊണ്ടുപോകാൻ മതിയായ രേഖകളുള്ള ബോട്ടുകൾക്കുമാത്രമാണ് ഇപ്പോൾ തുരുത്തിലേക്ക് പ്രവേശനമുള്ളത്.
മധ്യവേനലവധി തുടങ്ങിയതോടെ ദിവസവും തുരുത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വളരെയധികം വർധനയാണുള്ളത്. ജനങ്ങൾക്ക് താത്കാലിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അത്യാവശ്യഘട്ടങ്ങളിൽ തത്സമയ ബുക്കിങ് സംവിധാനം ഒരുക്കും. ജൂൺ ഒന്നുമുതൽ ടിക്കറ്റ് ബുക്കിങ് പൂർണമായും ഓൺലൈനാക്കുമെന്ന് ഡിടിപിസി അധികൃതർ അറിയിച്ചു.