Drisya TV | Malayalam News

ബജറ്റ് ടൂറിസം വിനോദയാത്രകളിൽ ബസുകൾ വഴിയിൽ കേടായാൽ ഉത്തരവാദികൾക്കെതിരേ കർശന നടപടി

 Web Desk    1 May 2025

പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവരെ പെരുവഴിയിലാക്കി നാണംകെടുന്ന പതിവ് അവസാനിപ്പിക്കാൻ കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന വിനോദയാത്രകളിൽ വഴിയിൽ കേടാകില്ലെന്ന് ഉറപ്പുള്ള ബസുകൾ മാത്രമേ ഇനി അയയ്ക്കൂ. ഗവി, മലക്കപ്പാറ, മാമലക്കണ്ടം, ഇല്ലിക്കൽക്കല്ല് തുടങ്ങിയ മേഖലകളിലെ യാത്രയ്ക്കാണ് ഈ കരുതൽ. ബസുകൾ വഴിയിൽ കേടായാൽ ഉത്തരവാദികൾക്കെതിരേ കർശന നടപടിയെടുക്കാനാണ് തീരുമാനം.

വനമേഖലകളടക്കമുള്ള പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന ബസുകൾ വൃത്തിയാക്കി, അറ്റകുറ്റപ്പണി കൃത്യമായി നടത്തി സർവീസിന് എത്തിക്കണമെന്നാണ് നിർദേശം. വിനോദയാത്രയ്ക്കുള്ള ബസുകൾ ഗാരേജിൽനിന്ന് നൽകുമ്പോൾ വെഹിക്കിൾ സൂപ്പർവൈസർ ഓടിച്ച് കാര്യക്ഷമതയുള്ളതാണെന്ന് ഉറപ്പുവരുത്തണം. യാത്രയെപ്പറ്റി ബജറ്റ് ടൂറിസം കോഡിനേറ്റർമാർ, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർമാരെയും വെഹിക്കിൾ സൂപ്പർവൈസർമാരെയും ഗാരേജ് അധികാരികളെയും അറിയിക്കണമെന്നും നല്ല ബസുകളാണ് സർവീസിന് അയയ്ക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

മധ്യവേനലവധിയായതിനാൽ ബജറ്റ് ടൂറിസം മുഖേനയുള്ള വിനോദയാത്രയ്ക്ക് ധാരാളംപേർ എത്തുന്നുണ്ട്. എന്നാൽ മലയോരത്തെയും വനമേഖലയിലെയും ദുർഘടപാതകളിലൂടെ ഓടിക്കാൻ അനുയോജ്യമായ ബസുകളില്ലെന്നതാണ് കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധി. പത്തുവർഷത്തിലധികം പഴക്കമുള്ള ബസുകളാണ് ഭൂരിഭാഗം ഡിപ്പോകളിലുമുള്ളത്. ഇവ തകരാറിലായി വനമേഖലകളിലും മറ്റും കുടുങ്ങുന്നത് പതിവാണ്.

യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവങ്ങൾ പലരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും കെഎസ്ആർടിസി അധികൃതരെ പരാതി അറിയിക്കുകയും ചെയ്തു. ജനുവരിയിൽ മധുരയിൽ പോയി മടങ്ങിയ ബസ് പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ചു. ഇതെല്ലാം കോർപ്പറേഷനെതിരേ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

  • Share This Article
Drisya TV | Malayalam News