ഇന്ത്യയിൽ ഉത്പാദനം തുടങ്ങാൻ പദ്ധതിയിട്ട് ചൈനീസ് വൈദ്യുതവാഹന നിർമാതാക്കളായ ബിവൈഡി.തെലങ്കാനയിൽ ഹൈദരാബാദിനടുത്ത്* 500 ഏക്കറിലായി ഫാക്ടറിയൊരുക്കാനുള്ള സാധ്യതകളാണ് ബിവൈഡി പരിശോധിക്കുന്നത്. അഞ്ചുമുതൽ ആറുവർഷംകൊണ്ട്, വർഷം ആറുലക്ഷം കാറുകൾ ഉത്പാദിപ്പിക്കാൻ ശേഷിയാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാരുമായി ഇക്കാര്യത്തിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിനടുത്ത് മൂന്നിടത്തായി സ്ഥലംനൽകാൻ സർക്കാർ സന്നദ്ധതയറിയിച്ചിട്ടുണ്ട്.ഈ സ്ഥലങ്ങൾ ബിവൈഡി അധികൃതർ പരിശോധിച്ചുവരികയാണ്. പരിശോധന പൂർത്തിയാക്കിയശേഷമാകും എവിടെ ഫാക്ടറി വേണമെന്നതിൽ തീരുമാനമെടുക്കുക. പദ്ധതിയുമായി കമ്പനി മുന്നോട്ടുപോയാൽ വൈദ്യുതവാഹനരംഗത്ത് രാജ്യത്തെ ഏറ്റവുംവലിയ നിക്ഷേപങ്ങളിലൊന്നാകും ബിവൈഡിയിലൂടെ തെലങ്കാനയിലേക്കെത്തുക.
ഏതാനുംവർഷമായി ബിവൈഡിക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ട്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുകയാണിപ്പോൾ. ഉയർന്ന ഇറക്കുമതി തീരുവയായതിനാൽ വിലകൂടുതലാണ്. അതുകൊണ്ട് റോഡുകളിൽ ഇനിയും വലിയ സാന്നിധ്യമായിട്ടില്ല.
ഇന്ത്യയിൽ ഉത്പാദനം തുടങ്ങിയാൽ കാർവില ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ടുവർഷമായി ഇന്ത്യയിൽ ഉത്പാദനം തുടങ്ങാൻ കമ്പനി വഴികളും തേടുന്നുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുണ്ടായ അതിർത്തിത്തർക്കങ്ങളാണ് ഇതിന് തടസ്സമായത്.