Drisya TV | Malayalam News

കഫേയില്‍ ഒന്നുംവാങ്ങാതെ ഇനി വെറുതെ ഇരിക്കാൻ പറ്റില്ല, നയം മാറ്റി സ്റ്റാര്‍ബക്‌സ്

 Web Desk    15 Jan 2025

വടക്കേ അമേരിക്കയില്‍ നയം മാറ്റി സ്റ്റാര്‍ബക്‌സ്. ഒന്നും വാങ്ങിയില്ലെങ്കിലും സ്റ്റാര്‍ബക്‌സ് കഫേയില്‍ വെറുതെ ഇരിക്കുന്നത് ചിലരുടെ ഒരു പതിവാണ്. ചിലരാകട്ടെ ലാപുമായി വന്ന് ഒരു ടേബിളില്‍ ഇരുപ്പറിപ്പിച്ച് ജോലിയും ആരംഭിക്കും, മറ്റു ചിലര്‍ ശുചിമുറി ഉപയോഗിക്കും. ഒന്നുംവാങ്ങാതെ ഇപ്രകാരം കഫേയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്ന സ്റ്റാര്‍ബക്‌സ് വടക്കേ അമേരിക്കയില്‍ തങ്ങളുടെ നയം മാറ്റാനുള്ള തീരുമാനത്തിലാണ്. ജനുവരി 27 മുതല്‍ പുതിയ നയം നിലവില്‍ വരും. ഇതുപ്രകാരം ഇനി സ്റ്റാര്‍ബക്‌സില്‍ നിന്ന് ഒന്നും ഓര്‍ഡര്‍ ചെയ്യാതെ കഫേയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുവാദമുണ്ടായിരിക്കുകയില്ല.

സ്റ്റാര്‍ബക്‌സിലേക്ക് ആളുകളെ തിരിച്ചെത്തിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സെയ്ല്‍ ഉയര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.'ഒരു കോഫീഹൗസ് മര്യാദ നടപ്പാക്കാനുള്ള ആലോചനയിലാണ്. ഞങ്ങളുടെ ഉല്പന്നങ്ങള്‍ വാങ്ങി കഫേയിലുന്ന് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള പ്രായോഗിക ചുവടുവയ്പ്പായാണ് ഇതിനെ കരുതുന്നത്. കഫേ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ വരുത്തുന്ന വിപുലമായ മാറ്റങ്ങളുടെ ഭാഗമാണ് ഈ അപ്ഡേറ്റുകള്‍. ഇതിലൂടെ സ്റ്റാര്‍ബക്സിലേക്ക് എല്ലാവരും മടങ്ങുന്നതിനായാണ് ശ്രമിക്കുന്നത്.' അധികൃതര്‍ പറയുന്നു.

എല്ലാ സ്‌റ്റോറുകള്‍ക്ക് മുന്നിലും പുതിയ നിയമങ്ങള്‍ പ്രദര്‍ശിപ്പിക്കും. നിയമം ലംഘിക്കുന്നവരോട് കഫേയില്‍ നിന്ന് പുറത്തിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയും ചെയ്യും. ആവശ്യമെങ്കില്‍ ജീവനക്കാര്‍ക്ക് പൊലീസിനെ വിളിക്കാം.2018ലാണ് പൊതുജനങ്ങള്‍ക്ക് കോഫി ഷോപ്പുകളിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചത്. ആര്‍ക്കുവേണമെങ്കിലും ശുചിമുറി ഉപയോഗിക്കാനും സാധിക്കുമായിരുന്നു. ഫിലാഡല്‍ഫിയയിലെ കഫേയില്‍ നിന്ന് രണ്ടുപേരെ അറസ്റ്റുചെയ്തത് വിവാദമായതിനു പിന്നാലെയായിരുന്നു തീരുമാനം. മറ്റൊരു ആകര്‍ഷകമായ പദ്ധതിയും സ്റ്റാര്‍ബക്‌സ് അവതരിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ബക്‌സ് കോഫി വാങ്ങിയവര്‍ക്ക് ഒരു തവണ അത് സൗജന്യമായി റീഫില്‍ ചെയ്യാന്‍ സാധിക്കും.

  • Share This Article
Drisya TV | Malayalam News