Drisya TV | Malayalam News

വിദേശ ടൂറിസ്റ്റുകള്‍ക്ക് ക്രിപ്റ്റോ കറന്‍സി പേയ്‌മെന്‍റ് സംവിധാനം അവതരിപ്പിക്കാന്‍ തായ്‌ലന്‍ഡ് 

 Web Desk    11 Jan 2025

രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് ക്രിപ്റ്റോ കറന്‍സി പേയ്‌മെന്‍റ് സംവിധാനം ഉപയോഗിക്കാന്‍ അനുവാദം നല്‍കാനുള്ള പരീക്ഷണത്തിന് തായ്‌ലന്‍ഡ് ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്.

കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാനുള്ള നയത്തിന്‍റെ ഭാഗമായാണ് തായ്‌ലന്‍ഡ് ക്രിപ്റ്റോകറന്‍സി വിനോദ സഞ്ചാരികള്‍ക്ക് പേയ്‌മെന്‍റ് ഓപ്ഷനായി പരീക്ഷിക്കുന്നത്. ടൂറിസ്റ്റുകളുടെ സൗകര്യാര്‍ഥം പേയ്‌മെന്‍റ് ഓപ്ഷനായി ക്രിപ്റ്റോ ഉടന്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന് തായ്‌ലന്‍ഡ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ പിച്ചായ് വ്യക്തമാക്കി. മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ തായ്‌ലന്‍ഡ് സംഘടിപ്പിച്ച ഒരു സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തായ്‌ലന്‍ഡ് ഉപപ്രധാനമന്ത്രി പുതിയ നയം വ്യക്തമാക്കിയത്. ആദ്യഘട്ടമെന്ന നിലയില്‍ ഫൂക്കറ്റില്‍ ക്രിപ്റ്റോ പരീക്ഷണം ഈ വര്‍ഷം തന്നെ നടത്തും. ഇതോടെ സാധനങ്ങള്‍ വാങ്ങാനും വിവിധ സേവനങ്ങള്‍ക്കും ബിറ്റ്‌കോയിന്‍ ഉപയോഗിക്കാനാകും.

ക്രിപ്റ്റോകറന്‍സി ഉപയോഗം 2022ല്‍ വിലക്കിയ രാജ്യമാണ് തായ്‌ലന്‍ഡ്. രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത ക്രിപ്റ്റോ കവരും എന്നായിരുന്നു അന്ന് അധികാരികളുടെ ആശങ്ക. എന്നാല്‍ ടൂറിസത്തിന് പ്രാധാന്യമുള്ള നഗരങ്ങളില്‍ ബിറ്റ്‌കോയിന്‍ ഇടപാട് അനുവദിക്കുന്നത് വിദേശ ടൂറിസ്റ്റുകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ അനായാസമാക്കും എന്ന വിലയിരുത്തലാണ് സര്‍ക്കാരിന് ഇപ്പോഴുള്ളത്. അതേസമയം ക്രിപ്റ്റോ ഇടപാടുകളില്‍ നിയമവിരുദ്ധമായ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും തായ്‌ലന്‍ഡ് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. ബിറ്റ്‌കോയിന്‍ പേയ്‌മെന്‍റ് പരീക്ഷത്തില്‍ പങ്കെടുക്കുന്ന വിദേശ സഞ്ചാരികള്‍ സാധനങ്ങളും സേവനങ്ങളും വാങ്ങും മുമ്പ് അവരുടെ ബിറ്റ്‌കോയിനുകള്‍ തായ് എക്‌സ്ചേഞ്ചുകള്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഈ ബിറ്റ്‌കോയിനുകള്‍ തായ് ബാറ്റിലേക്ക് വിനിമയം നടത്തിയാവും ടൂറിസ്റ്റുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുക.

  • Share This Article
Drisya TV | Malayalam News