Drisya TV | Malayalam News

ബുർജ് ഖലീഫയെ മറികടക്കാൻ ഇന്ത്യൻ പ്രൊജക്ട് "ദാലിയാസ്" 

 Web Desk    11 Jan 2025

ഇന്ത്യയിൽ ബുർജ് ഖലീഫയെ കവച്ചു വെക്കുന്ന രീതിയിൽ പുതിയ പ്രൊജക്ട് നടപ്പാക്കാനൊരുങ്ങുകയാണ് പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫ്. രാജ്യത്തെ ഏറ്റവും ചിലവേറിയ റിയൽ എസ്റ്റേറ്റ് പ്രൊജക്ടായിരിക്കും ദാലിയാസ് (Dahlias) എന്ന ഈ സമുച്ചയമെന്ന് വിലയിരുത്തപ്പെടുന്നു. കമ്പനി സി.ഇ.ഒ ആയ, ഇപ്പോൾ 93 വയസ്സുള്ള കുശാൽ പാൽ സിങ്ങാണ് ഈ ഭീമൻ പ്രൊജക്ടിന് നേതൃത്ത്വം നൽകുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ബുർജ് ഖലീഫയിൽ 1 BHK അപ്പാർട്മെന്റിന് ഏകദേശം 3.73 കോടി രൂപയാണ് ചിലവ് വരിക. 2BHK അപ്പാർട്മെന്റിന് ഏകദേശം 5.83 കോടി രൂപയും, 3BHK ഫ്ലാറ്റിന് ഏകദേശം 14 കോടി രൂപയുമാണ് നൽകേണ്ടത്.

ഡി.എൽ.എഫിന്റെ ഭീമൻ പ്രൊജക്ട് ബുർജ് ഖലീഫയേക്കാൾ ചിലവേറിയതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഒരു സ്ക്വയർ ഫീറ്റിന് മാത്രം ഇവിടെ 80,000 രൂപ നൽകേണ്ടതായി വരും. അതായത് ഒരു അപ്പാർട്മെന്റിന്റെ ശരാശരി വില ഏകദേശം 100 കോടി രൂപയായിരിക്കും. ഇത്തരത്തിൽ ബുർജ് ഖലീഫയേക്കാൾ പലമടങ്ങ് ചിലവേറിയ അപ്പാർട്ട്മെന്റുകളാണ് ഇവിടെ ഒരുങ്ങുന്നത്.ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലാണ് ഡി.എൽ.എഫ് ദാലിയാസ് പടുത്തുയർത്തുന്നത്. 

അൾട്രാ ലക്ഷ്വറി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പ്രൊജക്ടിന്റെ ഹൈലൈറ്റ് വിലയാണ്. 400 അത്യാഡംബര റസിഡൻസുകളാണ് ഈ സമുച്ചയത്തിൽ ഒരുങ്ങുന്നത്. ഒരു ഫ്ലാറ്റിന് ശരാശരി 100 കോടി രൂപയാണ് പ്രൈസിങ്. ഇത്തരത്തിൽ ഈ പ്രൊജക്ടിന്റെ ആകെ സെയിൽസ് വാല്യു 34,000 കോടി രൂപയാണ്.ഈ ബഹുനില കെട്ടിടത്തിലെ അപ്പാർട്മെന്റുകളുടെ വിസ്തൃതി 9,500 സ്ക്വയർ ഫീറ്റ് മുതൽ 16,000 സ്ക്വയർ ഫീറ്റ് വരെയാണ്. കൂടാതെ 200,000 സ്ക്വയർ ഫീറ്റ് വ്യാപിച്ചു കിടക്കുന്ന ആർട് ക്ലബ്ബ് ഹൗസ് മറ്റൊരു പ്രത്യേകതയാണ്. 17 ഏക്കറുകളിലായി വ്യാപിക്കുന്ന ഈ മഹാസൗധത്തിൽ 29 നിലകളാണുണ്ടാവുക.

രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിൽ ഇതുവരെയുള്ള ചിലവേറിയ പ്രൊജക്ടുകളെയെല്ലാം മറികടക്കുന്ന നിർമിതിയായി ഇത് മാറും. മാർക്കറ്റ് ക്യാപ് അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനി കൂടിയാണ് ഡി.എൽ.എഫ്.

  • Share This Article
Drisya TV | Malayalam News