ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്നവർക്ക് ഇലോൺ മസ്കിന്റെ കമ്പനിയിൽ ജോലി ചെയ്യാൻ അവസരം. മസ്കിന്റെ എ.ഐ സ്റ്റാർട്ടപ്പായ എക്സ് എ.ഐയിൽ ആണ് ട്യൂട്ടർമാരെ തേടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂറിൽ 5000 രൂപ വരെ പ്രതിഫലം ലഭിക്കും. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.ഡാറ്റയും ഫീഡ്ബാക്കും നൽകി എക്സ് എ.ഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ജോലി. ലിങ്ക്ഡ് ഇൻ വഴിയുള്ള നിയമനത്തിന്റെ ലക്ഷ്യം ശരിയായ വിവരങ്ങൾ ശരിയായ രീതിയിൽ നൽകാൻ എ.ഐയെ സഹായിക്കുകയാണ്.ജോലിക്ക് സാങ്കേതിക വൈദഗ്ധ്യമൊന്നും വേണ്ട. എ.ഐയെ ഭാഷ പഠിപ്പിക്കുകയാണ് പ്രധാന ജോലി. ചില ഡാറ്റകളുടെ അർഥം മനസിലാക്കാൻ എ.ഐക്ക് സഹായം നൽകണം. അതിനായി വ്യക്തമായ ഡാറ്റകളും നൽകണം. ഗവേഷണ പരിചയം, എഴുത്ത്, പത്ര പ്രവർത്തനം എന്നിവയിൽ പ്രവർത്തിച്ചവർക്ക് മുൻഗണനയുണ്ട്.ഭാഷ കൃത്യമായി മനസിലാകാൻ ട്യൂട്ടർമാർ ഇടക്കിടെ എ.ഐക്ക് പ്രത്യേക ടാസ്കുകളും നൽകിക്കൊണ്ടിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടാഴ്ചത്തെ പരിശീലനം നൽകും. അതിനു ശേഷം വീട്ടിലിരുന്ന് ജോലിചെയ്യാം. ഏതു സമയത്ത് ജോലി ചെയ്യണമെന്നതും തെരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വയം തീരുമാനിക്കാം.