രാജ്യത്തെ മികച്ച സ്പോർട്സ് യൂണിവേഴ്സിറ്റിയായ ഇംഫാലിലെ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി (എൻ.എസ്.യു.-ഇംഫാൽ, മണിപ്പുർ) വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ, യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിട്ടു വരുന്ന സർവകലാശാലയിൽ കായികമേഖലയിലെ ശാസ്ത്രം, സാങ്കേതികജ്ഞാനം, മാനേജ്മെന്റ്, പരിശീലനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രോഗ്രാമുകളുണ്ട്. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ കോഴ്സിന് അപേക്ഷിക്കാൻ പ്രത്യേകം അപേക്ഷകൾ നൽകണം. ജൂൺ 27 വരെ ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്.കേന്ദ്രസർക്കാർ സംവരണവ്യവസ്ഥകൾ പാലിച്ചായിരിക്കും മുഴുവൻ പ്രോഗ്രാമിലേയ്ക്കുമുള്ള പ്രവേശനം. വിവിധ പ്രോഗ്രാമിലേയ്ക്കു 30 ശതമാനം സീറ്റ് വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. വിവാഹിതരായ വനിതകൾക്കും അപേക്ഷിക്കാം. അന്താരാഷ്ട്ര അത്‌ലറ്റുകൾ, ദേശീയ മെഡലിസ്റ്റുകൾ എന്നിവരെ, വ്യവസ്ഥകൾക്കു വിധേയമായി എല്ലാ ബിരുദ/മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കും നേരിട്ടുള്ള പ്രവേശനത്തിന് പരിഗണിക്കും.നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി എൻട്രൻസ് എക്സാമിനേഷൻ (എൻ.എസ്.യു.ഇ.ഇ.) വഴിയാണ്, പ്രാഥമിക തെരഞ്ഞെടുപ്പ്. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ഗെയിം പ്രൊഫിഷ്യൻസി, സ്പോർട്സ് നേട്ടങ്ങൾ (ബാധകമായത്) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും:
www.nsu.ac.in