വാട്സാപ്പിൽ നിന്ന് വരുമാന മാർഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ പുതിയ അപ്ഡേറ്റ്. വാട്സാപ്പിലെ അപ്ഡേറ്റ്സ് ടാബിലാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക. ആദ്യമായാണ് വാട്‌സാപ്പിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്.തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്ഡേറ്റ് അവതരിപ്പിച്ചത്. ചാനൽ സബ്സ്ക്രിപ്ഷൻ, പ്രൊമോട്ടഡ് ചാനൽസ്, സ്റ്റാറ്റസിലെ പരസ്യങ്ങൾ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചർ അപ്ഡേറ്റുകളാണ് വാട്സാപ്പ് പ്രഖ്യാപിച്ചത്.
വാട്‌സാപ്പിൽ ഉപഭോക്താക്കളുടെ കോണ്ടാക്ടിസ്റ്റിലുള്ളവർ പങ്കുവെക്കുന്ന സ്റ്റാറ്റസുകൾക്കിടയിലാണ് പരസ്യങ്ങളും പ്രദർശിപ്പിക്കുക. പരസ്യങ്ങൾ പേഴ്സണൽ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും മെസേജുകളിലും കാണിക്കില്ലെന്നും കമ്പനി ഉറപ്പുനൽകുന്നു.ചാനലുകൾക്ക് ഫോളോവർമാരിൽ നിന്നും പണം ഈടാക്കാൻ സഹായിക്കുന്ന ഫീച്ചർ ആണിത്. വാട്സാപ്പ് ചാനലുകളിലെ ഉള്ളടക്കങ്ങൾക്ക് വരിസംഖ്യ ഈടാക്കാൻ ഈ ഫീച്ചർ അനുവദിക്കുന്നു.
ഉപഭോക്താക്കളിൽ നിന്നുള്ള പരിമിതമായ വിവരങ്ങൾ ഉപയോഗിച്ചാണ് വാട്സാപ്പിലെ പരസ്യവിതരണം. നിങ്ങളുടെ നഗരം അല്ലെങ്കിൽ രാജ്യം, ഭാഷ, നിങ്ങൾ ഫോളോ ചെയ്യുന്ന ചാനലുകൾ, പരസ്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണ രീതി തുടങ്ങിയവ എന്നിവ പരസ്യ വിതരണത്തിനായി വിലയിരുത്തും.
മെറ്റയുടെ അക്കൗണ്ട് സെൻ്ററുമായി വാട്സാപ്പ് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫെയ്‌സ്ബുക്ക്6, ഇൻസ്റ്റഗ്രാം ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളും വാട്‌സാപ്പ് സ്റ്റാറ്റസിൽ കാണും.പരസ്യ ദാതാക്കളുമായി ഉപഭോക്താവിന്റെ ഫോൺ നമ്പറുകൾ പങ്കുവെക്കില്ലെന്നും വ്യക്തിഗത സന്ദേശങ്ങൾ, കോളുകൾ, ഗ്രൂപ്പ് ആക്ടിവിറ്റി എന്നിവ പരസ്യങ്ങൾ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കില്ലെന്നും അവയെല്ലാം എൻക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി ഉറപ്പുനൽകുന്നു.