Drisya TV | Malayalam News

ലോകത്തെ ഏറ്റവും വലിയ ക്യാമറ ഉപയോഗിച്ചുള്ള ആദ്യചിത്രങ്ങൾ ജൂൺ 23 ന് പുറത്തുവരും 

 Web Desk    17 Jun 2025

ലോകത്തെ ഏറ്റവും വലിയ ക്യാമറ ഉപയോഗിച്ചുള്ള ആദ്യ ചിത്രങ്ങൾ ഉടൻ പുറത്തുവരും. ചിലെയിലെ എൽക്യൂയി പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന വെര സി റൂബിൻ ഒബ്സർവേറ്ററിക്ക് വേണ്ടി നിർമിച്ച ഈ എൽഎസ്എസ്‌ടി ക്യാമറയ്ക്ക് ഏകദേശം 3000 കിലോഗ്രാം ഭാരമുണ്ട്. ഒരു ചെറിയ കാറിനോളം വലിപ്പമുണ്ട്. 3200 മെഗാപിക്സൽ സെൻസർ ആണിതിൽ.

രണ്ട് ദശാബ്ദക്കാലത്തോളമെടുത്താണ് ഈ ദൂരദർശിനിയുടെ നിർമാണം. ഏറ്റവും വലിയ ഈ ക്യാമറ ഉപയോഗിച്ചുള്ള ആകാശ ദൃശ്യങ്ങൾ പകർത്തുകയാണ് ലക്ഷ്യം. പ്രപഞ്ചത്തിൻ്റെ അൾട്രാ വൈഡ് അൾട്രാ എച്ച്ഡി ചിത്രങ്ങളെടുക്കാൻ ഈ ക്യാമറയിലൂടെ സാധിക്കും. ഒപ്പം ടൈം ലാപ്സ് ദൃശ്യങ്ങൾ പകർത്താനുമാവും. ക്യാമറയിൽ പകർത്തുന്ന ആദ്യ ചിത്രങ്ങൾ ജൂൺ 23 ന് പുറത്തുവരും.ഈ ക്യാമറയിൽ എടുക്കുന്ന ഒരു ചിത്രം അതിന്റെ യഥാർത്ഥ വലിപ്പത്തിൽ പ്രദർശിപ്പിക്കണമെങ്കിൽ നൂറ് കണക്കിന് അൾട്രാ എച്ച്ഡി ടിവി സ്ക്രീനുകൾ വേണ്ടിവരും.

പ്രപഞ്ചത്തിലേക്ക് ആഴത്തിൽ നോക്കിക്കാണാനാവും വിധമാണ് ഈ ക്യാമറ രൂപകൽപന ചെയ്‌തിരിക്കുന്നത്. കോടിക്കണക്കിന് വിദൂര ഗാലക്സികളെ കുറിച്ച് പഠിക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും. ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ഉറപ്പാക്കാൻ -100 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് ക്യാമറ സൂക്ഷിക്കുന്നത്. ഇതുവഴി പിക്സൽ പ്രശ്‌നങ്ങൾ കുറയ്ക്കുകയും വ്യക്തത ഉറപ്പാക്കുകയും ചെയ്യും. സങ്കീർണമായ ഫിൽറ്റർ സംവിധാനവും ക്യാമറയിലുണ്ട്. ഏഴോളം കൂറ്റൻ കളർ ഫിൽറ്ററുകളാണിതിലുള്ളത്. അൾട്രാ വയലറ്റ് മുതൽ ഇൻഫ്രാറെഡ് വരെയുള്ള വിവിധങ്ങളായ പ്രകാശ തരംഗദൈർഘ്യങ്ങളെ ഫിൽറ്റർ ചെയ്യാൻ ഇതിന് സാധിക്കും.കാലിഫോർണിയയിലെ എസ്എൽഎസി നാഷണൽ ആക്സലറേറ്റർ ലബോറട്ടറിയിലാണ് ഇതിന്റെ നിർമാണം.

  • Share This Article
Drisya TV | Malayalam News