Drisya TV | Malayalam News

മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റ‌ിക് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവ്

 Web Desk    17 Jun 2025

സംസ്ഥാനത്തെ മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര ടൂറിസ്‌റ്റ് മേഖലകളിലാണ് നിരോധനം.

5 ലീറ്ററിനു താഴെയുള്ള പ്ലാസ്റ്റിക് കുപ്പിവെള്ളം, രണ്ടു ലീറ്ററിനു താഴെയുള്ള പ്ലാസ്റ്റിക് സോഫ്റ്റ് ഡ്രിങ്ക്, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് കൊണ്ടുള്ള കത്തി, സ്‌പൂൺ മുതലായ ഉപകരണങ്ങൾ എല്ലാ വിവാഹങ്ങളിലും ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റ‌റന്റുകൾ എന്നിവയിലും നിരോധിച്ചു. സംസ്ഥാനത്തു നടക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും.

നിരോധനം ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിർദേശമുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നിരോധനം പ്രാബല്യത്തിലാക്കാനാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, ബി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

  • Share This Article
Drisya TV | Malayalam News