കെജി മോട്ടോഴ്സിന്റെ പുതിയ ചെറിയ സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് കാര്‍ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 7,000 ഡോളര്‍ (ഏകദേശം 5.98 ലക്ഷം രൂപ) വിലയുള്ള ഈ പുതിയ സിംഗിള്‍ സീറ്ററായിട്ടുള്ള ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഇലക്ട്രിക് കാറിനെ മിബോട്ട് അല്ലെങ്കില്‍ മൊബിലിറ്റി റോബോട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്.
സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് മിബോട്ടിന് ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. അഞ്ച് മണിക്കൂര്‍ ചാര്‍ജിംഗ് സമയവും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയും ഇത് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആഡംബരത്തേക്കാള്‍ കാര്യക്ഷമതയ്ക്കാണ് ഇവി മുന്‍ഗണന നല്‍കുന്നതെന്ന് കെജി മോട്ടോഴ്സിന്റെ സ്ഥാപകനും സിഇഒയുമായ കസുനാരി കുസുനോകി പറഞ്ഞു. ഈ ചെറിയ ഇവിയുടെ ഉത്പാദനം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കും.
ആദ്യത്തെ 300 യൂണിറ്റുകള്‍ 2026 മാര്‍ച്ച് അവസാനത്തോടെ ഹിരോഷിമയിലെയും ടോക്കിയോയിലെയും ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്നും ബാക്കി 3,000 എണ്ണം രാജ്യവ്യാപകമായി അയയ്ക്കുമെന്നും കുസുനോകി പറഞ്ഞു. ആദ്യ ബാച്ചില്‍ സ്റ്റാര്‍ട്ടപ്പിന് നഷ്ടമുണ്ടാകുമെങ്കിലും രണ്ടാമത്തെ ബാച്ചില്‍ ലാഭം പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം, പ്രതിവര്‍ഷം 10,000 യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.