ലോകത്തിലെ ഏറ്റവും ധനികനായ രാജാവിന്റെ മകൻ സന്ന്യാസം സ്വീകരിച്ചു! തായ്ലാൻഡ് രാജാവ് മഹാ (Maha Vajiralongkorn) തള്ളിപ്പറഞ്ഞ മക്കളിലൊരാളായ വചരേസോൺ വിവാചാരവോങ്സെ(Vacharaesorn Vivacharawongse)യാണ് ബുദ്ധസന്ന്യാസം സ്വീകരിച്ചത്. ബുദ്ധമതത്തിലെ ഏറ്റവും പവിത്രമായ വെസക് ദിനത്തിൽ ബാങ്കോക്കിൽ വെച്ചായിരുന്നു ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ 43-കാരനായ വചരേസോൺ തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. താൻ ഔൺ എന്നറിയപ്പെടുന്ന വചരേസോൺ, വജിരലോങ്കോണിന്റെയും മുൻ ഭാര്യ സുജരിനീ വിവാചാരവോങ്സെയുടേയും അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ്. 1981-ൽ ജനിച്ച വചരേസോൺ 1996-ൽ തായ് രാജകുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അമ്മയ്ക്കും സഹോദരന്മാർക്കും ഒപ്പം അമേരിക്കയിലാണ് വളർന്നത്. വളരെക്കാലം വിദേശത്ത് താമസിച്ചെങ്കിലും തായ് സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം രണ്ട് വർഷം മുമ്പാണ് രാജ്യത്തേക്ക് മടങ്ങിയത്.p
തായ്ലാൻഡിലെ രാജവാഴ്ചയുടെ ഭാവിയെക്കുറിച്ചും എഴുപത് പിന്നിട്ട മഹാ വജിരലോങ്കോൺ രാജാവിന്റെ പിൻഗാമിയെക്കുറിച്ചും വലിയ ചർച്ചകൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഒരിക്കൽ രാജകീയ പദവി നഷ്ടപ്പെട്ടതാണെങ്കിലും വചരേസോണിന്റെ നീക്കങ്ങൾ രാജകുടുംബത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. ഒരുപക്ഷേ, വചരേസോൺ അടുത്ത കിരീടാവകാശി ആയേക്കും എന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. തായ് സർക്കാരോ രാജകുടുംബമോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, സാമൂഹികമാധ്യമങ്ങളിലും പൊതുവേദികളിലും ചർച്ചകൾ തുടരുകയാണ്. പൊതുചുമതലകൾ ഏറ്റെടുക്കും മുമ്പ് രാജകുടുംബാംഗങ്ങൾ ആശ്രമങ്ങളിൽ സമയം ചെലവഴിക്കുന്നത് പതിവാണെന്നതാണ് ഊഹാപോഹങ്ങൾ ശക്തമാക്കുന്നത്. അതിനാൽ തന്നെ രാജകീയ പിന്തുടർച്ചയെക്കുറിച്ചുള്ള ചർച്ചകളും ശക്തമാണ്.