Drisya TV | Malayalam News

പാകിസ്‌താന് അനുവദിച്ച വായ്പയുടെ അടുത്തഘട്ടം വിട്ടുനൽകാൻ പതിനൊന്ന് പുതിയ ഉപാധികൾ മുന്നോട്ടുവെച്ച് ഐഎംഎഫ്

 Web Desk    18 May 2025

ഇന്ത്യയുമായുള്ള സംഘർഷങ്ങൾ നിലനിൽക്കുകയോ കൂടുതൽ വഷളാവുകയോ ചെയ്യുന്നത് വായ്പാപദ്ധതിയുടെ സാമ്പത്തിക, ബാഹ്യഘടകങ്ങളേയും പരിഷ്കരണലക്ഷ്യങ്ങളേയും പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും അന്താരാഷ്ട്ര നാണയനിധി പാകിസ്ത‌ാന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.

17.6 ട്രില്യൺ (17.6 ലക്ഷം കോടി രൂപ)യുടെ പുതിയ ബജറ്റ് പാർലമെന്റ് അംഗീകരിക്കുക, വൈദ്യുതി ബില്ലുകളിലെ ബാധ്യതകളുടെ സർചാർജിൽ വർധനവ് നടപ്പാക്കുക, മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുക തുടങ്ങിയവ അന്താരാഷ്ട്ര നാണയനിധി ശനിയാഴ്‌ച പുറത്തിറക്കിയ പുതിയ ഉപാധികളിൽ ഉൾപ്പെടുന്നതായി ദ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സംഘർഷാവസ്ഥ കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടെ അധികരിച്ചെങ്കിലും ഓഹരിവിപണി അതിന്റെ സമീപകാല നേട്ടങ്ങൾ നിലനിർത്തിയതിലൂടെ വിപണിയിൽ കാര്യമായ ചലനം സംഭവിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അടുത്ത സാമ്പത്തിക വർഷത്തെ പാകിസ്താന്റെ പ്രതിരോധ ബജറ്റ് 2.414 ട്രില്യൺ (2.4 ലക്ഷം കോടി രൂപ) ആണെന്നും ഐഎംഎഫിന്റെ റിപ്പോർട്ടിലുണ്ട്. നടപ്പു സാമ്പത്തിക വർഷത്തേക്കാൾ 12 ശതമാനം കൂടുതലാണിത്. മേയ് ആദ്യം ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിനുശേഷം പ്രതിരോധബജറ്റിനായി 2.5 ട്രില്യൺ അനുവദിക്കുമെന്ന് പാക് സർക്കാർ സൂചിപ്പിച്ചിരുന്നു.

പതിനൊന്ന് ഉപാധികൾ കൂടി ഉൾപ്പെടുത്തിയതോടെ പാകിസ്താന് വായ്പ അനുവദിക്കുന്നതിനുള്ള അന്താരാഷ്ട്ര നാണയനിധിയുടെ ആകെ ഉപാധികളുടെ എണ്ണം അൻപതായി. വികസനപ്രവർത്തനങ്ങൾക്കുള്ള 1.07 ട്രില്യൺ (1.07 ലക്ഷം കോടി രൂപ) ഉൾപ്പെടെയാണ് പുതിയ ബജറ്റ് വകയിരുത്തൽ. ഒരു സമഗ്ര പദ്ധതിയിലൂടെ പ്രവിശ്യകൾക്ക് പുതിയ കാർഷികനികുതി ഏർപ്പെടുത്താനുള്ള വ്യവസ്ഥയും അന്താരാഷ്ട്ര നാണയനിധി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കൊല്ലം ജൂൺ വരെയാണ് ഇതിനായി പ്രവിശ്യകൾക്ക് അനുവദിച്ചിരിക്കുന്ന സമയം. അന്താരാഷ്ട്ര നാണയനിധിയുടെ ഗവേണൻസ് ഡയഗനോസ്റ്റിക് അസ്സസ്സ്മെന്റിന്റെ ശുപാർശകൾ അടിസ്ഥാനമാക്കി ഭരണനടപടി സംബന്ധിച്ച രൂപരേഖ സർക്കാർ പുറത്തിറക്കണമെന്നും പുതിയ ഉപാധികളിൽ പറയുന്നു.

2027-ന് ശേഷമുള്ള സാമ്പത്തിക നടപടികളുടെ രൂപരേഖയും 2028 മുതലുള്ള ഭരണനിർവഹണ സംവിധാനത്തിന്റെ രൂപരേഖയും സർക്കാർ തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്നും അന്താരാഷ്ട്ര നാണയനിധി വ്യവസ്ഥ ചെയ്യുന്നു. പാചകവാതകം ഉൾപ്പെടെ ഊർജമേഖലയിൽ പുതിയ തീരുവ നടപ്പിലാക്കണമെന്നും സർക്കാരിന് നിർദേശമുണ്ട്.

  • Share This Article
Drisya TV | Malayalam News