Drisya TV | Malayalam News

അധ്യാപിക സഹപാഠികളെ കൊണ്ട് മുസ്‌ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ ഇരയുടെ വിദ്യാഭ്യാസ ചെലവ് യു.പി സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി

 Web Desk    17 May 2025

ഉത്തർപ്രദേശിലെ മുസഫർനഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് മുസ്‌ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ ഇരയുടെ വിദ്യാഭ്യാസ ചെലവ് യു.പി സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി നൽകിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിർദേശം. മുസ്‌ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച അധ്യാപിക തൃപ്ത്‌ത ത്യാഗിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തുഷാർ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

വിഷയത്തിൽ സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണവും മതന്യൂനപക്ഷ വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

വിദ്യാർത്ഥിയുടെ ട്യൂഷൻ, യൂണിഫോം, പുസ്തകങ്ങൾ, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവയുടെ ചെലവുകൾ യു.പി സർക്കാർ വഹിക്കണമെന്നാണ് കോടതി നിർദേശിച്ചത്. അതേസമയം കുട്ടിയുടെ ചെലവുകൾ വഹിക്കുന്നതിൽ യു.പി സർക്കാർ പരാജയപ്പെട്ടുവെന്ന് തുഷാർ ഗാന്ധി കോടതിയെ അറിയിച്ചു.

കഴിഞ്ഞ വർഷം വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും സർക്കാർ അത് വഹിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മർദനത്തിന് ഇരയായ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്ക് സ്പോൺസറെ കണ്ടെത്തണമെന്നും യു.പി സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.

എന്നാൽ ഇപ്പോൾ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം സർക്കാരിനാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ പഠിച്ചിരുന്ന അതേ സ്കൂളിൽ തന്നെയാണ് വിദ്യാർത്ഥി ഇപ്പോഴും തുടരുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

2023 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്. മുസാഫർനഗറിലെ സ്കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗി തന്റെ വിദ്യാർത്ഥികളോട് മുസ്ല‌ിം വിദ്യാർത്ഥിയെ തല്ലാൻ ആവശ്യപ്പെടുകയും കുട്ടിക്കെതിരെ വർഗീയ അധിക്ഷേപം നടത്തുകയും ചെയ്യുകയായിരുന്നു.

കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കി. മുഖത്തടിയേറ്റ കുട്ടിയെ മാതാപിതാക്കൾ സർക്കാർ സ്‌ളിൽ നിന്ന് മാറ്റി സ്വകാര്യ സ്കൂളിൽ ചേർക്കുകയും ചെയ്തിരുന്നു.

  • Share This Article
Drisya TV | Malayalam News