Drisya TV | Malayalam News

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

 Web Desk    17 May 2025

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി മെയ് 21-ഓടെ ഉയര്‍ന്ന തോതില്‍ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22-ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദം വടക്ക് ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കും.

വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചേയ്ക്കും എന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കന്യാകുമാരി മേഖല, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ ദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലും ആന്‍ഡമാന്‍ ദ്വീപുകള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും കാലവര്‍ഷം വ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിന്റെ വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴ ലഭിക്കാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News