കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ സേവനം ഉറപ്പാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. സാന്ത്വനചികിത്സ പൗരന്റെ അവകാശമാക്കാൻ ലക്ഷ്യമിട്ട് ‘സാർവത്രിക പാലിയേറ്റീവ് കെയർ’ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ‘കേരള കെയർ’ എന്നപേരിൽ പ്രത്യേക ഗ്രിഡ് സ്ഥാപിക്കും.ഇതോടെ, പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാവും.
രോഗികൾ, പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും കോർപ്പറേഷനിലെയും സെക്രട്ടറിമാർ, ജില്ലാ ജോ.ഡയറക്ടർ, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർ, സന്നദ്ധസംഘടനകൾ, വൊളന്റിയർമാർ എന്നിവർ ഗ്രിഡിൽ രജിസ്റ്റർചെയ്യും. വാർഡ്‌മുതൽ സംസ്ഥാനതലംവരെ പാലിയേറ്റീവ് കെയർ പ്രവർത്തനം ഏകോപിപ്പിക്കും. രജിസ്‌ട്രേഷൻ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.