വിവരാവകാശ അപേക്ഷകളില്‍ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികള്‍ സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ടി.കെ. രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉദ്യോഗസ്ഥര്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. സര്‍ക്കാര്‍ ഫയലുകളില്‍ നടപടികള്‍ വൈകുന്നതിനാലും പൂഴ്ത്തിവെക്കുന്നതിനാലുമാണ് വിവരാവകാശ അപേക്ഷകള്‍ വര്‍ധിക്കുന്നത്. ഓഫിസുകളില്‍ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ ക്രമീകരിച്ച് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവുന്ന തരത്തില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവരം നല്‍കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ ക്ലീന്‍ സിറ്റി മാനേജര്‍ക്കെതിരെയും കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ ഓഫിസിലെ മുന്‍ വിവരാവകാശ ഓഫിസര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു. മീഞ്ചന്ത ആര്‍ട്‌സ് കോളജിലെ പിടിഎ വിവരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷയില്‍, വിവരാവാകാശ നിയമത്തിന്റെ പരിധിയില്‍ പിടിഎ വരുമെന്നും അപേക്ഷകനു വിവരങ്ങള്‍ നല്‍കണമെന്നും കമ്മിഷന്‍ പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചു. എസ്എന്‍ കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവരം നല്‍കാന്‍ ട്രസ്റ്റിന് വേണ്ടി ഹാജരായ പ്രിന്‍സിപ്പലിനോടും നിര്‍ദേശിച്ചു. പ്രിന്‍സിപ്പലിനു നല്‍കാന്‍ കഴിയാത്ത വിവരങ്ങള്‍ കൈമാറാന്‍ മാനേജ്‌മെന്റ് സംവിധാനം ഒരുക്കണമെന്നും കമ്മിഷണര്‍ നിദേശിച്ചു.