Drisya TV | Malayalam News

ശബരിമലയിൽ ഏഴു ദിവസം കൊണ്ട് ഭക്തർ വാങ്ങിയത് 56 പവൻ തൂക്കമുള്ള 184 സ്വർണ്ണ ലോക്കറ്റുകൾ 

 Web Desk    16 May 2025

ശബരിമല ശ്രീകോവിൽ പൂജിച്ച അയ്യപ്പ ചിത്രം പതിപ്പിച്ച സ്വർണ്ണ ലോക്കറ്റ് വില്പന ഏഴു ദിവസം പൂർത്തിയാകുമ്പോൾ 56 പവൻ തൂക്കമുള്ള 184 സ്വർണ്ണ ലോക്കറ്റുകൾ സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് വഴി വിതരണം ചെയ്തു. 2 ഗ്രാമിൻ്റെ 155 ലോക്കറ്റുകളും, 4 ഗ്രാമിന്റെ 22 ലോക്കറ്റുകളും 8 ഗ്രാമിന്റെ 7 ലോക്കറ്റുകളുമാണ് വിതരണം ചെയ്തത്.

വിഷുദിനത്തിലാണ് ലോക്കറ്റ് ഭക്തർക്കായി വിതരണം ചെയ്യാൻ ആരംഭിച്ചത്. വിഷുവിനോട് അനുബന്ധിച്ച പൂജകൾക്ക് ആറു ദിവസവും ഇടവമാസ പൂജകൾക്കായി നട തുറന്ന ഇന്നലെയുമായി ഏഴു ദിവസമാണ് ഭക്തജനങ്ങൾക്ക് ലോക്കറ്റ് കൈപ്പറ്റാൻ അവസരം ഉണ്ടായിരുന്നത്. ഏഴു ദിവസം പൂർത്തിയാക്കുമ്പോൾ 184 ഭക്തർ പണമടച്ച് ലോക്കറ്റ് കൈപ്പറ്റി. ആകെ 56.7 പവൻ തൂക്കമുള്ള ലോക്കറ്റുകൾ ആണ് ഇതുവരെ വിതരണം ചെയ്തത്. ഓൺലൈൻ വഴിയോ (www.sabarimalaonline.org)ശബരിമല സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നേരിട്ട് എത്തിയോ സ്വർണ്ണ ലോക്കറ്റുകൾ ബുക്ക് ചെയ്യാം.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് വഴിയാണ് ലോക്കറ്റുകളുടെ വിതരണം. ഓൺലൈനായി ബുക്ക് ചെയ്യുന്നവരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ എത്തി ലോക്കറ്റുകൾ കൈപ്പറ്റണം. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള സ്വർണ്ണ ലോക്കറ്റുകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്.

  • Share This Article
Drisya TV | Malayalam News