ഇന്ത്യാവിരുദ്ധ നിലപാടെടുത്ത തുർക്കിയുമായി ബന്ധം മോശമാകുന്നതായി സൂചന. ഇന്ത്യയിലേക്കുള്ള തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. രാഷ്ട്രപതി ഭവനിലെ സമയക്രമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെങ്കിലും ഇന്ത്യയിൽ തുർക്കി വിരുദ്ധ മനോഭാവം വളർന്നുവരുന്നതിന്റെ പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ഇന്ത്യയിലേക്കുള്ള തുർക്കിയുടെ പുതിയ അംബാസഡറായി നിയമിതനാകേണ്ടത് അലി മുറാത് എർസോയിയാണ്. സ്ഥാനമേൽക്കുന്നതിന് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ നടക്കേണ്ട ചടങ്ങ് ഇന്ന് നടക്കേണ്ടതായിരുന്നു. വിഷയത്തിൽ തുർക്കി എംബസി പ്രതികരിച്ചിട്ടില്ല. എന്ന് ചടങ്ങ് നടത്തുമെന്നോ എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നോ ഇന്ത്യ വ്യക്തമാക്കിയിട്ടുമില്ല. മാർച്ചിലാണ് അലി മുറാത് എർസോയി ഇന്ത്യയിലെ അംബാസഡറായി എത്തുന്നത്. എന്നാൽ, ഇന്ത്യ അംഗീകാരം നൽകാത്തിടത്തോളം കാലം ഈ നിയമനത്തിന് പ്രാബല്യമുണ്ടാകില്ല.അതേസമയം, ഇതിനൊപ്പം നടക്കേണ്ടിയിരുന്ന തായ് അംബാസഡറിന്റെയും പുതിയ ബംഗ്ലാദേശ് ഹൈക്കമ്മീഷണറിനെയും അംഗീകരിക്കുന്ന ചടങ്ങും മാറ്റിവെച്ചിട്ടുണ്ട്.