Drisya TV | Malayalam News

നിർത്തിയിട്ട ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ചു 3 സുഹൃത്തുക്കൾ മരിച്ചു,രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാവ് അൽപസമയത്തിനു ശേഷം മറ്റൊരു അപകടത്തിൽ മരിച്ചു

 Web Desk    16 May 2025

ബാലരാമപുരത്തിനു സമീപമാണ് ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി നാലു പേർ മരിച്ചത്.കരമന– കളിയിക്കാവിള പാതയിൽ മുടവൂർപാറയ്ക്കു സമീപമാണ് ബുധനാഴ്ച രാത്രി 11.30ന് ആദ്യ അപകടമുണ്ടായത്. നിർത്തിയിട്ട തമിഴ്നാട് റജിസ്ട്രേഷൻ ലോറിക്കു പിന്നിലേക്ക് മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ പെരുമ്പഴുതൂർ കളത്തുവിള ബി.ആർ.നിലയത്തിൽ രാജൻ‌–ബീന ദമ്പതികളുടെ മകൻ അഖിൽ‌ (19), കളത്തുവിള പൂവൻവിള വീട്ടിൽ തങ്കരാജ്–ശ്രീജ ദമ്പതികളുടെ മകൻ സാമുവൽ (22) എന്നിവർ സംഭവസ്ഥലത്തും റസൽപുരം തേവരക്കോട് കിഴക്കിൻകര പുത്തൻ വീട്ടിൽ ഷൈജു–സീമ ദമ്പതികളുടെ മകൻ അഭിൻ(19) ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടുമാണ് മരിച്ചത്.

ഈ അപകടത്തിൽപെട്ടവരെ ആംബുലൻസിൽ കയറ്റുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചാണ് മുടവൂർപാറ ചാത്തലമ്പാട്ടുകോണം സന്തോഷ് ഭവനിൽ സന്തോഷ്– ഉഷ ദമ്പതികളുടെ മകൻ മനോജ് (26) മരിച്ചത്. രാത്രി 12.45ന് ആണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം വീട്ടുസാധനങ്ങൾ വാങ്ങാൻ ബാലരാമപുരത്തേക്കു പോയി മടങ്ങുകയായിരുന്നു ഇലക്ട്രീഷ്യനായ മനോജ്.അഖിലും സാമുവലും അഭിനും ഭക്ഷണം കഴിക്കാൻ ബാലരാമപുരത്ത് എത്തിയതായിരുന്നു.

  • Share This Article
Drisya TV | Malayalam News