Lകോളറ രോഗ ലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. തലവടി സ്വദേശി പി.ജി.രഘുവാണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
തലവടി പഞ്ചായത്തിൽ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പരിശോധനാഫലം ഇന്നലെയും ലഭിക്കാത്തതിനാൽ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഘുവിന്റെ രക്തപരിശോധനയിൽ കോളറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രോഗം സ്ഥിരീകരിക്കാൻ വിസർജ്യ പരിശോധനാഫലം കൂടി ലഭിക്കണം.
തലവടി സ്വദേശിയെ കടുത്ത വയറിളക്കവും ഛർദിയുമായാണ് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളാണ്. തലവടി പഞ്ചായത്തിൽ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറത്തിറക്കി. ശുദ്ധജല സ്രോതസ്സുകളിൽ നിന്നു സാംപിൾ ശേഖരിച്ചു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചു തലവടി പഞ്ചായത്ത് ആറാം വാർഡിൽ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വെക്ടർ സർവേ ആരംഭിച്ചു. മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനവും സജീവമാക്കി.