അതിഥിത്തൊഴിലാളി ക്യാംപിലെത്തി പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കുന്നത്തുനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ നെല്ലിക്കുഴി പുഴക്കര സലീം യൂസഫ് (52), തായ്ക്കാട്ടുകര മേക്കിലക്കാട്ടിൽ സിദ്ധാർഥ് (35) എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു. ഇത്തരത്തിൽ പണം തട്ടിയെടുക്കുന്നതു പോലുള്ള പ്രവൃത്തികൾ പ്രതികൾ മുമ്പും നടത്തിയിടുണ്ടെന്നും മേലധികാരികൾ ഇവരെ താക്കീത് ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ആലുവ സർക്കിൾ ഓഫീസിൽ നിന്ന് കമ്മീഷണർ സ്ക്വാഡിലേക്ക് സ്‌ഥലംമാറ്റം കിട്ടിയ ആളാണ് സിദ്ധാർഥ്.
ആലുവ-പെരുമ്പാവൂർ റൂട്ടിൽ തെക്കേ വാഴക്കുളത്തുള്ള അതിഥിത്തൊഴിലാളി ക്യാംപിൽ പരിശോധനയ്ക്ക് എന്ന വ്യാജേനെയാണ് നാലംഗ സംഘമെത്തുന്നത്. പൊലീസ് എന്ന് പരിചയപ്പെടുത്തി നടത്തി പരിശോധനയിൽ ഇവർ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടർന്ന് തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന 56,000 രൂപയും 4 ഫോണുകളും തട്ടിയെടുക്കുകയായിരുന്നു.പിന്നാലെ ക്യാംപിലെ താമസക്കാരനായ അസം സ്വദേശി ജോഹിറൂൾ പരാതിയുമായി തടിയിട്ടപറമ്പ് പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ എക്സൈസുകാരാണെന്ന വിവരം പൊലീസ് മനസിലാക്കിയത്. ഇവർ ക്യാംപിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസി ടിവി ദൃശ്യവും പൊലീസിന് ലഭിച്ചു.പിന്നീട് ചൊവ്വാഴ്ച ഉച്ചയോടെ എക്സൈസ് ഉദ്യോഗസ്ഥരെയും ഇവർക്കൊപ്പമുണ്ടായിരുന്ന തെങ്ങളാംകുഴി മണികണ്ഠൻ ബിലാൽ (30), ഇയാളുടെ കൂട്ടാളി ജിബിൻ (32) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ ക്യാമ്പിലെത്തിയ കാറും പൊലീസ് കണ്ടെടുത്തിരുന്നു.മണികണ്ഠൻ ബിലാൽ എടത്തല പൊലീസ് സ്‌റ്റേഷനിൽ കൊലപാതകം, ലഹരി കേസുകളിൽ പ്രതിയാണ്.