സിന്ധുനദീജല കരാർ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്‌താൻ രംഗത്തെത്തിയതായി റിപ്പോർട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്‌താൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുർതാസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയാതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.വിഷയം ചർച്ചചെയ്യാൻ പാകിസ്താൻ തയ്യാറാണെന്നും കത്തിലുണ്ട്. കരാർ മരവിപ്പിച്ച തീരുമാനം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് അയച്ച കത്തിൽ പാകിസ്‌താൻ ജലവിഭവ മന്ത്രാലയം അറിയിച്ചു.
പഹൽഗാമിലുണ്ടായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23-നാണ് സിന്ധുനദീജല കരാർ മരവിപ്പിച്ചതടക്കമുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചത്. 1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താൻ ഉപേക്ഷിക്കുന്നതുവരെ കരാർ മരവിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം.
ഇന്ത്യയും പാകിസ്‌താനും തമ്മിൽ സിന്ധുനദീ ജലം പങ്കിടലിനായി നിലവിലുള്ള കരാർ (ഇൻഡസ് വാട്ടർ ട്രീറ്റി)മരവിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഭീകരവാദവും സിന്ധു നദീജലം പങ്കിടൽ കരാറും ഒരുമിച്ചു പോകില്ല എന്നതാണ് ഇന്ത്യയുടെ നയം. പാകിസ്താന്റെ ഭീകരപ്രവർത്തനങ്ങളാണ് കരാർ മരവിപ്പിച്ചതിന് കാരണം. പാകിസ്താൻ ഭീകരത തുടരുന്ന കാലത്തോളം കരാർ മരവിപ്പിച്ചുനിർത്തും. പാകിസ്‌താനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ സിന്ദൂർ ഓപ്പറേഷന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ 'രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവർത്തിച്ചിരുന്നു.