വന്ദേഭാരത് ട്രെയിനിലും റെയിൽവേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിൽ കൊച്ചി കോർപറേഷന്റെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവ പിടികൂടി. കൊച്ചി കടവന്ത്രയിൽ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാർ അടിസ്ഥാനത്തിലാണ് റെയിൽവേയ്ക്ക് ഭക്ഷണം നൽകുന്നത്. സ്ഥാപനത്തിന് കൊച്ചി കോർപറേഷന്റെ ലൈസൻസ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെൽത്ത് ഇൻസ്പെക്ടർ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസൻസ് ഇല്ലാത്ത സാഹചര്യത്തിൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പഴകിയ ഭക്ഷണം പിടിച്ച സാഹചര്യത്തില്‍ പാചകശാല അടച്ചുപൂട്ടാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അധികൃതരും നിര്‍ദേശം നല്‍കി. പരിശോധനകള്‍ക്കു ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.