മുൻകാല നിഗമനങ്ങളിലെ സമയ പരിധി കുറച്ചുകൊണ്ട് പുതിയ പഠനം പുറത്ത്. ജപ്പാനിലെ ടോഹോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കാലം മുന്നോട്ടു പോകുംതോറും സൂര്യന്റെ ചൂടും പ്രകാശവും വർധിക്കും. ഇത് ഭൂമിയുടെ കാലാവസ്ഥയെ ബാധിക്കും. ജലം ബാഷ്പീകരിക്കപ്പെടും, ഉപരിതല താപനില ഉയരും, കാർബൺ ചക്രം ദുർബലമാകും, ഇത് സസ്യങ്ങളെ നശിപ്പിക്കുകയും ഓക്സിജൻ ഉത്പാദനം നിർത്തുകയും ചെയ്യും. ഗ്രേറ്റ് ഓക്സിഡേഷൻ ഇവന്റിന് മുമ്പുള്ള ആദ്യകാല ഭൂമിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ അന്തരീക്ഷം ഉയർന്ന അളവിൽ മീഥേൻ ഉള്ള അവസ്ഥയിലേക്ക് മടങ്ങും. 'The future lifespan of Earth's oxygenated atmosphere' എന്ന തലക്കെട്ടിൽ Nature Geoscience പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.
ഭൂമിയിലെ ഓക്സിജൻ ഏകദേശം ഒരു ബില്യൺ (100 കോടി) വർഷത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്നും ഇത് അതിജീവനം അസാധ്യമാക്കുമെന്നും നാസയുടെ പ്ലാനറ്ററി മോഡലിംഗ് ഉപയോഗിച്ച് ടോഹോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ സൂപ്പർ കമ്പ്യൂട്ടർ സിമുലേഷൻ പ്രവചിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിന് സംഭവിക്കാൻ സാധ്യതയുള്ള പരിണാമത്തെക്കുറിച്ചാണ് പഠനം നടത്തിയത്. ഇതിനായി 400,000 സിമുലേഷനുകൾ നടത്തി.
സൂര്യന്റെ തിളക്കം കൂടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ അറിവും ആഗോള കാർബണേറ്റ്-സിലിക്കേറ്റ് ജിയോകെമിക്കൽ ചക്രവും അടിസ്ഥാനമാക്കി ഭൂമിയിലെ ജൈവമണ്ഡലത്തിന്റെ ആയുസിനെക്കുറിച്ച് വർഷങ്ങളായി ചർച്ചകൾ നടക്കുന്നുണ്ട്. അമിതമായ ചൂടും പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ CO2-ന്റെ (കാർബൺ ഡയോക്സൈഡ്) ദൗർലഭ്യവും കാരണം ഭൂമിയിലെ ജൈവമണ്ഡലം അവസാനിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അത് ശരിയാണെങ്കിൽ, അന്തരീക്ഷത്തിലെ O2 (ഓക്സിജൻ) അളവും വിദൂര ഭാവിയിൽ കുറയുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, അത് എപ്പോൾ, എങ്ങനെ സംഭവിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. അത്തരം ഒരു അന്തരീക്ഷത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുണ്ടെങ്കിലും അത് നമുക്കറിയാവുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും.
അമിതമായ ചൂടും CO2ന്റെ ദൗർലഭ്യവും കാരണം ഭൂമിയുടെ ജൈവമണ്ഡലം രണ്ട് ബില്യൺ വർഷത്തിനുള്ളിൽ അവസാനിക്കുമെന്നാണ് മുൻകാല എസ്റ്റിമേറ്റുകൾ സൂചിപ്പിച്ചിരുന്നത്. ഈ പുതിയ ഗവേഷണം ആ സമയപരിധി ചുരുക്കുകയും ഒരു ബില്യൺ വർഷത്തിനുള്ളിൽ ഓക്സിജൻ അതിവേഗം ഇല്ലാതാകുമെന്ന് പ്രവചിക്കുകയും ചെയ്യുന്നുവെന്ന് ടോഹോ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ കസുമി ഒസാക്കി ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.