പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി. ഏപ്രിൽ 23ന് പാകിസ്താൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ ആണ് ഇന്ന് രാവിലെ ഇന്ത്യക്ക് കൈമാറിയത്. രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.ഇതിനിടെ പിടിയിലായ പാക് റേഞ്ചറെ ഇന്ത്യ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ പൂർണം കുമാർ ഷായുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽനിൽക്കെയാണ് അദ്ദേഹത്തിൻ്റെ മോചനം സാധ്യമായത്.